New Releases: സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജിന്ന്’, ‘മാളികപ്പുറം’ എന്നീ ചിത്രങ്ങൾ നാളെ റിലീസിനെത്തും. യുവ താരങ്ങൾ ഒന്നിക്കുന്ന ‘കാക്കിപ്പട’, ഒമർ ലുലു ചിത്രം ‘നല്ല സമയം’ എന്നിവയാണ് ഈ ആഴ്ച തിയേറ്ററിലെത്തുന്ന മറ്റു ചിത്രങ്ങൾ.
Djinn Release: ജിന്ന്
സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമാണ് ‘ജിന്ന്’. സുധീർ വി കെ നിർമിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, ശാന്തി ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുൽഖർ ചിത്രം കലിയുടെ തിരക്കഥ രചിച്ച രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെയും ഒരുക്കിയത്. ചിത്രത്തിലെ സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയാണ്. ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരൻ,എഡിറ്റിങ്ങ്- ദീപു എസ് ജോസഫ് എന്നിവർ നിർവഹിക്കുന്നു.
Malikappuram Release: മാളികപ്പുറം
‘ഷെഫീക്കിന്റെ സന്തോഷത്തി’നു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്.
വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, ടി ജി രവി, ദേവനന്ദ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.
Kakkipada Release: കാക്കിപ്പട
ഷെബി ചൗഘട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാക്കിപ്പട. നിരഞ്ജ് മണിയൻപിള്ള, ശരത് അപ്പാനി, സുജിത്ത് ശങ്കർ, ആരാധ്യ ആൻ, മാലാ പാർവതി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പോലീസുകാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്ററിൽ നിന്നും ട്രെയ്‌ലറിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്.
Nalla Samayam Release: നല്ല സമയം
‘ഒരു അഡാർ ലൗവി’നു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ‘നല്ല സമയം’. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് ഇർഷാദ് അലിയാണ്.
കലണ്ടൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരകഥ ചിത്ര എസ് – ഒമർ ലുലു എന്നിവർ ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രണം- സിനു സിദ്ധാർത്ഥ്, എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.