അവധിക്കാലം​ ആഘോഷമാക്കാൻ ‘ലൂസിഫറി’നു പിറകെ ‘മേരാ നാം ഷാജി’, ‘ദി സൗണ്ട് സ്റ്റോറി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ കൂടി നാളെ റിലീസിനെത്തുകയാണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘അമർ അക്ബർ ആന്റണി’ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകന്മാർ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

നിഖില വിമൽ നായികയാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നൻ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോൺകുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമിൽ മുഹമ്മദും നിർവ്വഹിക്കും. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സിംഗപ്പൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വിതരണക്കാർ ഉർവശി തീയേറ്റേഴ്സ് റിലീസാണ്‌.

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി’. ഒരു സൗണ്ട് എൻജിനീയർ തൃശ്ശൂർ പൂരം റെക്കോർഡി ചെയ്യാനായി തൃശൂരിലെത്തുന്നതാണ് ചിത്രം പറയുന്നത്. റസൂൽ പൂക്കുട്ടിയായി എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. ജോയ് മാത്യു, സുനിൽ സുഖദ, പെരുവനം കുട്ടൻ മാരാർ, അഫ്‌സൽ യൂസഫ്, നിഭാ നമ്പൂതിരി, കൈരളി പ്രസാദ്, നദി പ്രസാദ് പ്രഭാകർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

Read more: കുണുങ്ങി കുണുങ്ങി’; ഷാജിമാരുടെ ചിത്രത്തിൽ നാദിര്‍ഷാ പാടുന്നു

പാംസ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ് പനക്കലും പ്രസാദ് പ്രഭാകർ പ്രൊഡക്‌ഷൻസും ചേർന്നാണ് ‘ദി സൗണ്ട് സ്റ്റോറി’ നിർമ്മിച്ചിരിക്കുന്നത്. ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതമൊരുക്കിയിരിക്കുന്നു. ശരത് പശ്ചാത്തലസംഗീതവും റസൂൽ പൂക്കുട്ടി, വിജയ് കുമാർ എന്നിവർ ശബ്ദമിശ്രണവും ഉണ്ണിമലയിൽ എഡിറ്റിംഗും അനിയൻ ചിത്രശാല ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ നാല്‌ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിതരണാവകാശം സോണി പിക്‌ചേഴ്‌സിനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook