New OTT Release: തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയ ഏഴു ചിത്രങ്ങളാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തിയത്. നാലു മലയാള പടങ്ങളും ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും ഇതിൽ ഉൾപ്പെടും. തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ്, മൈക്കിൾ, വീര സിംഹ റെഡ്ഡി എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്‌തത്.
തങ്കം, നൻപകൽ നേരത്ത് മയക്കം, വീകം, ചതുരം, വാരിസ് എന്നിവയാണ് ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്‌തത്
Thankam OTT: ‘തങ്കം’ ഒടിടിയിലേക്ക്
Thankam OTT: സഫീത്ത് അറാഫദ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തങ്കം’. ജനുവരി 26നു തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 20 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവസാൻ, ബിജു മേനോൻ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്‌തത്.
‘തങ്കം’ പേര് സൂചിപ്പിക്കും പോലെ തന്നെ സ്വർണത്താൽ നയിക്കപ്പെടുന്ന കഥയാണ്. കണ്ണൻ, മുത്തു എന്നീ സുഹൃത്തുക്കളുടെ ആത്മബന്ധമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്.
തൃശ്ശൂരിലെ ചെറുകിട സ്വർണ ഏജന്റുമാരായ ഇവർ വളരെ അപകടകരമായ രീതിയിൽ താഴെക്കിടയിൽ നിന്നു പ്രവർത്തിച്ചു ജീവിതത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു യാത്രയിലേക്കും പിന്നീട് കുറ്റാന്വേഷണത്തിലേക്കും സിനിമ സഞ്ചരിക്കുന്നു.
ശ്യാം പുഷ്‌കർ ആണ് ‘തങ്ക’ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിക്കുന്നത് ബിജിബാൽ. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.
Nanpakal Nerathu Mayakkam OTT: മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ഒടിടിയിലേക്ക്
Nanpakal Nerathu Mayakkam OTT: മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ജനുവരി 19ന് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്‌ഫ്ലിക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
കേരളത്തിലെ ഒരു നാടകസംഘം പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരു വേളാങ്കണ്ണി യാത്രയ്ക്ക് എത്തുകയാണ്. നാടക ട്രൂപ്പിന്റെ സാരഥിയായ ജെയിംസും ഭാര്യയും മകനും അമ്മായിയപ്പനും അടക്കം മുതിർന്നരും കുട്ടികളുമായി ഒരു ജാഥയ്ക്കുള്ള ആളുകളുണ്ട് ആ ബസ്സിൽ. മടക്കയാത്രയിൽ ഭക്ഷണവും കഴിച്ച് ഡ്രൈവറൊഴികെ മറ്റെല്ലാവരും ഒരു ഉച്ചയുറക്കത്തിലേക്ക് തെന്നിവീണ സമയം. പെട്ടെന്ന് ഞെട്ടിയുണർന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. ഒരു ഉൾവിളിയാൽ വണ്ടിയിൽ നിന്നിറങ്ങി നടക്കുന്ന ജെയിംസ് ചെന്നെത്തുന്നത് ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിലാണ്. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.
VEEKAM OTT: ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വീകം’ ഒടിടിയിലേക്ക്
VEEKAM OTT: നവാഗതനായ സാഗർ സംവിധാനം ചെയ്ത ചിത്രമാണ് ‘വീകം.’ പേര് പോലെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹ മോതിരത്തെ ചുറ്റിപ്പറ്റിയാണ്. ധ്യാൻ ശ്രീനിവാസൻ, ഡെയിൻ ഡേവിസ്, ശീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 9ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. ഫെബ്രുവരി 24 മുതൽ ചിത്രം സീ5ൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
വിശ്വാസവഞ്ചന അഥവാ ‘ബ്രീച്ച് ഓഫ് ട്രസ്റ്റ്’ ആണ് സിനിമയുടെ കേന്ദ്ര പ്രമേയം. പല നിലക്ക് വിശ്വാസ വഞ്ചന ചെയ്യുന്നവരും അതിനു ഇരയായവരും തമ്മിലുള്ള സംഘർഷങ്ങളിലൂടെ ‘വീകം’ യാത്ര ചെയ്യുന്നു. വളരെയടുത്ത ബന്ധങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടവർ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് സിനിമ പല നിലക്ക് അന്വേഷിക്കുന്നുമുണ്ട്.
കൊച്ചി നഗരത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ പ്രധാനമായും മുന്നോട്ട് നീങ്ങുന്നത്. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറച്ച് പേരുടെ ജീവിതവും അവർ തമ്മിൽ യാദൃശ്ചികമായി ബന്ധപ്പെടേണ്ടി വന്ന സാഹചര്യങ്ങളും ഒക്കെയാണ് കഥയെ മുന്നോട്ട് നീക്കാൻ ‘വീകം’ ആശ്രയിക്കുന്ന സാങ്കേതങ്ങൾ.
ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദനേഷ് ആർ, എഡിറ്റിങ്ങ് ഹരീഷ് എന്നിവർ നിർവഹിക്കുന്നു.
Varisu OTT: വിജയ് ചിത്രം ‘വാരിസ്’ ഒടിടിയിലേക്ക്
Varisu OTT Release Date: വിജയ് നായകനായ വാരിസ് ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 22 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.
വിജയിനൊപ്പം രശ്മിക മന്ദന്ന, ശരത്കുമാർ, പ്രകാശ് രാജ്, ജയസുധ, ഷാം എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘വാരിസ്’. പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. എസ് തമൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
“വിജയ് എന്ന താരത്തിന്റെ മാസ് സീനുകൾ, നാല് ഫൈറ്റുകൾ, അതിഗംഭീരമായ ഗാനങ്ങൾ, ആവശ്യത്തിന് മസാല, അമ്മ-മകൻ ബന്ധത്തിലെ വൈകാരികത, ജഗപതി ബാബു വാണിജ്യ സിനിമയുടെ എല്ലാ തരം കീവേഡുകളും ഉൾക്കൊള്ളുന്ന അൽഗോരിതം ഉൽപന്നമായൊരു തിരക്കഥയിൽ നിർമ്മിച്ച ചിത്രം. കുടുംബചിത്രങ്ങളുടെ പഴകിയ എല്ലാ വാണിജ്യപരമായ ഫോർമുലകളും ഇതിൽ അവതരിപ്പിക്കുന്നു. അവിടെ നായകൻ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യൻ എക്‌സ്‌പ്രസ്സ് റിവ്യൂവിൽ കിരുഭാകർ ‘വാരിസി’നെ കുറിച്ച് എഴുതിയതിങ്ങനെ.
അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരാണ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
Chathuram OTT: ചതുരം ഒടിടിയിൽ
റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ഒടിടിയിലേക്ക്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്‌ഫോമായ സൈന പ്ലേ ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ ആഴ്ച തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. എന്നാൽ റീലിസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്.
Veera Simha Reddy OTT release: ഹണി റോസിന്റെ തെലുങ്ക് ചിത്രം ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലേക്ക്
Nandamuri Balakrishna’s Veera Simha Reddy on OTT: തെലുങ്ക് താരം നന്ദമുരി ബാലകൃഷ്‌ണ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘വീര സിംഹ റെഡ്ഡി.’ മലയാളി താരം ഹണി റോസും ചിത്രത്തിൽ ശ്രദ്ധേമായ വേഷം ചെയ്‌തിരുന്നു. 2023ലെ ആദ്യ റിലീസ് ചിത്രങ്ങളിലൊന്നായ ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 23 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജനുവരി 12ന് തിയേറ്ററിലെത്തിയ ചിത്രം നാലു ദിവസങ്ങൾ കൊണ്ട് 100 കോടി നേടിയിരുന്നു.
ഇരട്ട വേഷങ്ങളിലാണ് ബാലകൃഷ്‌ണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു നാടും അവിടുത്തെ നാട്ടുകാരെയും സ്വന്തമായി കണ്ട് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വീര സിംഹന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്, കന്നഡ, മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു.
ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം.ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.