New OTT Releases: തിയേറ്റർ റിലീസിനേക്കാളും ഒടിടി റിലീസുകൾക്കായി കാത്തിരിക്കുന്ന വലിയൊരു പ്രേക്ഷകസമൂഹം ഇന്നുണ്ട്. ഈ ആഴ്‌ച്ച വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്ത ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ.
Christopher OTT: ക്രിസ്റ്റഫർ
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഫെബ്രുവരി 9ന് റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ആമസോൺ പ്രൈമിൽ ചിത്രം സട്രീം ചെയ്യുന്നത്. ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തിനേക്കാൾ അയാളുടെ പ്രത്യേക രീതിയിലുള്ള എൻകൗണ്ടറുകളെ കുറിച്ചും അയാൾ അതിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് സിനിമയുടെ ആദ്യ ഘട്ടത്തെ മുന്നോട്ട് നയിക്കുന്നത്.
രണ്ടാം പകുതിയിൽ പതിവ് പൊലീസ് സിനിമകളുടെ രീതിയിലേക്ക് സിനിമ മടങ്ങി പോകുന്നു.റേപ്പ്’ ആണ് സിനിമയുടെ പ്രധാന പ്രമേയം. സ്നേഹ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, അമല പോൾ, അതിഥി, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Christy OTT: ക്രിസ്റ്റി
മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒടിടിയിൽ. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 17 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ് കുറുപ്പ് , വീണാ നായര്‍, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രായത്തിൽ മുതിർന്ന സ്ത്രീയുമായുള്ള പ്രണയമാണ് ക്രിസ്റ്റിയിലൂടെ നവാഗതനായ ആൽവിൻ ഹെൻറി പറയുന്നത്.
Chathuram Ott:ചതുരം
സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ചതുരം.’ സ്വാസിക വിജയ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2022 നവംബർ 4നു റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ചതുരം സൈന പ്ലേയിൽ കാണാം. റോഷൻ മാത്യൂ, അലൻസീർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്.
വലിയ പണക്കാരനും വൃദ്ധനുമായ ഒരാൾ അതിസുന്ദരിയായ ഒരു ചെറുപ്പകാരിയെ വിവാഹം കഴിച്ച് അയാളുടെ വലിയ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു കൂട്ടി കൊണ്ട് വരുന്നു. അയാളുടെ രതി വൈകൃതങ്ങൾക്കും ക്രൂരമായ മർദനങ്ങൾക്കും ഇരയായി ജീവിച്ചിരുന്ന അവളോട് നാട്ടുകാർക്കെല്ലാം സഹതാപവും രഹസ്യമായ അഭിനിവേശവുമുണ്ടാവുന്നു. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിനീത അജിത്ത്, സിദ്ധാർത്ഥ് ഭരതൻ, ജോർജ് സാൻഡിയാഗോ, ജംനീഷ് തയ്യിൽ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം പ്രദീഷ് വർമ, എഡിറ്റിങ്ങ് ദീപു ജോസഫ് എന്നിവർ നിർവഹിക്കുന്നു.
Rekha OTT:രേഖ
ജിതിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘രേഖ.’ വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഫെബ്രുവരി 10നാണ് റിലീസിനെത്തിയത്. വേറിട്ട പ്രണയ കഥ പറഞ്ഞ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ചിത്രത്തിൽ വിൻസിയുടെ നായകനായെത്തിയത് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടി ഉണ്ണി ലാലു ആണ്. കാർത്തിക് സുബ്ബരാജ് അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
എന്നാൽ തങ്ങൾക്ക് പ്രമോഷനോ അധികം ഷോകളോ ലഭിച്ചില്ലെന്ന വിഷമം വിൻസി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രേമലത തായിനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കൺകോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സംവിധായകൻ ജിതിൻ തോമസ് തന്നെയാണ് തിരക്കഥ രചിച്ചത്. ഛായാഗ്രഹണം എബ്രഹാം ജോസഫ്, എഡിറ്റിങ്ങ് രോഹിത് വി എസ് വാരിയത്ത് എന്നിവർ നിർവഹിക്കുന്നു.