New OTT Release Malayalam: ഫെസ്റ്റിവൽ സീസൺ എപ്പോഴും തിയേറ്ററുകൾക്ക് സിനിമയുടെ പൂക്കാലമാണ്. കൊറോണ പേപ്പേഴ്സ്, ബി 32 മുതൽ 44 വരെ, കോളാമ്പി, പൂക്കാലം, എന്താടാ സജി എന്നു തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
തിയേറ്ററിനു മാത്രമല്ല, ഒടിടിയ്ക്കും ഈസ്റ്റർ കാലം സിനിമയുടെ പൂക്കാലം സമ്മാനിക്കുകയാണ്. സമീപകാലത്ത് തിയേറ്ററുകളിലെത്തിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് ഈസ്റ്ററിനോട് അനുബന്ധിച്ച് ഒടിടിയിൽ റിലീസിനെത്തിയിരിക്കുന്നത്. രോമാഞ്ചം, മഹേഷും മാരുതിയും, ഖാലി പേഴ്‌സ് ബില്യണേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെല്ലാം വിവിധ ഒടിടി പ്ലാറ്റ് ഫോമുകളിലായി ഇപ്പോൾ കാണാവുന്നതാണ്.
Romancham OTT: രോമാഞ്ചം
സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറർ- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളിൽ തീർത്ത ചിരിമേളം ചെറുതല്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രം സ്ട്രീമിംഗ് തുടരുകയാണ്.
തിയേറ്ററിൽ 50 ദിവസമായി വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്നും 67.9 കോടി രൂപയോളമാണ് കളക്റ്റ് ചെയ്തത്. എലോൺ, ക്രിസ്റ്റഫർ തുടങ്ങിയ സൂപ്പർസ്റ്റാർ ചിത്രങ്ങളേക്കാളും കളക്ഷൻ ഇതിനകം തന്നെ ‘രോമാഞ്ചം” നേടികഴിഞ്ഞു.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ബാച്ച്മേറ്റ്സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാർത്ഥികൾ ഓജോ ബോർഡ് കളിക്കുകയും തുടർന്ന് അവർക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Maheshum Maruthiyum OTT: മഹേഷും മാരുതിയും
ആസിഫ് അലിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘മഹേഷും മാരുതിയും’ ആമസോണ്‍ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
1983 മുതൽ ഇപ്പോഴുള്ള കാലം വരെയുള്ള മഹേഷിന്റെയും അയാളുടെ പ്രിയപ്പെട്ട മാരുതി കാറിന്റെയും യാത്രയാണ് ‘മഹേഷും മാരുതിയും.’ പേര് നേരിട്ട് സൂചിപ്പിക്കും പോലെ തന്നെ ‘മഹേഷും മാരുതിയും’ തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ കാതൽ. വളരെ പ്രിയപ്പെട്ട, ഏറെ സ്നേഹത്തോടെ കൊണ്ട് നടന്ന വസ്തുക്കളോട് നമുക്ക് തോന്നുന്ന വിട്ട് പിരിയാൻ പറ്റാത്ത ഇഴയടുപ്പമാണ് സിനിമയുടെ പ്രധാന പ്രമേയം. വളരെ ലളിതമായ എന്നാൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയേ ചുറ്റിപ്പറ്റിയാണ് ‘മഹേഷും മാരുതിയും’ വികസിക്കുന്നത്.
ഫയസ് സിദ്ദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണവും ഹരി നാരായണൻ ഗാനരചനയും കേദാർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും ചിത്രത്തിലുണ്ട്.
Khali Purse Of Billionaires OTT: ഖാലി പേഴ്‌സ് ബില്യണേഴ്‌സ്
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ സൺ നെക്സ്റ്റിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മാക്സ് വെൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അജു വർഗീസ്, അർജുൻ അശോകൻ, തൻവി റാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒന്നു കരകയറാൻ ബുദ്ധിമുട്ടുന്ന ഐടിക്കാരായ ഒരു ദാസന്റെയും വിജയന്റെയും കഥ പറയുകയാണ് ‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’. സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണ് ബിപിൻ ദാസും ബിപിൻ വിജയനും. ഒരേ പേരുള്ള ആ ചങ്ങാതിമാരെ പരസ്പരം മാറിപ്പോവാതിരിക്കാനായി കൂട്ടുകാർ പേരിലെ ബിപിനെ എടുത്തുകളഞ്ഞ് അവരെ ദാസനും വിജയനുമാക്കി തീർത്തു. കാലി പേഴ്സുമായി എന്നെങ്കിലും ഒരിക്കൽ ബില്യണയറാവുമെന്ന സ്വപ്നത്തിൽ ജീവിക്കുകയാണ് ഇരുവരും. യൂസഫലി മുതൽ ആന്റണി പെരുമ്പാവൂർ വരെയുള്ളവർ ആ ചെറുപ്പക്കാരുടെ ആരാധനാപാത്രങ്ങളാണ്. കോവിഡ് കാലം ഇരുവരുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടി ഏൽപ്പിക്കുന്നു. ഏറെ മോഹിച്ചു തുടങ്ങിയ സ്റ്റാർട്ട് അപ്പ് ആണെങ്കിൽ ഒരു തരത്തിലും ഗതി പിടിക്കുന്നുമില്ല. അവരുടെ ജീവിതത്തിലെ സാമ്പത്തിക പരാധീനതകളുടെ കഥയാണ് ചിത്രം പറയുന്നത്.
അര്‍ജുന്‍ അശോകൻ, ലെന, ഷാഫി, സ്മിനു സിജോ, ധര്‍മ്മജന്‍ ബോൾഗാട്ടി, അഹമ്മദ്, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, സരയൂ, ഷൈനി സാറ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന അഭിനേതാക്കൾ. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോസഫ് ആണ്.
Pranaya Vilasam OTT: പ്രണയ വിലാസം വിഷുവിന്
സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘പ്രണയ വിലാസം’ . അര്‍ജുൻ അശോകൻ നായകനായ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘പ്രണയ വിലാസം’ വിഷുവിനോട് അനുബന്ധിച്ചാണ് ഒടിടിയിലെത്തുക. ഏപ്രിൽ 14 നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. സീ 5ൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
അർജുൻ അശോകൻ, അനശ്വര രാജൻ, മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്ലാറ്റിനും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവ്വേകുന്ന പ്രണയത്തെ കുറിച്ചു തന്നെയാണ് ‘പ്രണയവിലാസ’വും പറയുന്നത്. പക്ഷേ നായികയുടെയും നായകന്റെയും മാത്രം പ്രണയത്തിലേക്കല്ല സംവിധായകൻ ഫോക്കസ് ചെയ്യുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ, പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് ആണ് ‘പ്രണയവിലാസം’ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പല കാലഘട്ടങ്ങളിലുള്ള മൂന്നു പ്രണയമാണ് ചിത്രം പറയുന്നത്.
സമീപകാലത്ത് മലയാളത്തിലുണ്ടായ പ്രണയചിത്രങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ചിത്രമാണിത്. ഇടയ്ക്ക് ചിരിപ്പിച്ചും മനസ്സു തൊടുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ചിത്രത്തിനു സാധിച്ചിരുന്നു. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.