OTT Release: തിയേറ്റർ റിലീസിനോളം തന്നെ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഒന്നാണ് ചിത്രങ്ങളുടെ ഒടിടി റിലീസും. രണ്ടു പുതിയ മലയാളം ചിത്രങ്ങൾ കൂടി ഇന്ന് രാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്. മോഹൻലാൽ നായകനാവുന്ന എലോൺ, ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്നിവയാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടി റിലീസിന് ഒരുങ്ങുന്നത്.
Alone OTT: എലോൺ
ഹൊറർ-സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ എലോൺ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിലെത്തുന്ന കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത് .
മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകൾ നിറഞ്ഞ വ്യക്തിയാണ് കാളിദാസൻ. കാളിദാസനുണ്ടാകുന്ന അനുഭവങ്ങളും, അയാളുടെ അന്വേഷണവും കണ്ടെത്തലുകളും എല്ലാം ഒരു ഫ്ലാറ്റിനുള്ളിൽ ഒതുങ്ങുന്നതാണ്. ഒറ്റപ്പെടലിൻ്റെ വിഷമവും, മാനസ്സിക സംഘർഷങ്ങളും, ഭയവും, മുഷിച്ചിലും എല്ലാം അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് കഴിയുന്നതരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . കാളിദാസനായി മോഹൻലാൽ നിറഞ്ഞാടുമ്പോൾ മഞ്ജു വാര്യർ, പൃഥ്വിരാജ്, സിദ്ധിഖ്, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, മേജർ രവി തുടങ്ങിയവർ ശബ്ദത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു.
Iratta OTT: ഇരട്ട
ജോജു ജോര്‍ജ് നായകനാവുന്ന ഇരട്ട’ ഇന്ന് അർദ്ധരാത്രിയോടെ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 3ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ട സംവിധാനം ചെയ്തത്. ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. അഞ്ജലി ആണ് ചിത്രത്തില്‍ നായിക. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.