New Releases: നാലു പുതിയ മലയാള ചിത്രങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയത്. രോമാഞ്ചം, ഇരട്ട, വെടിക്കെട്ട്, മോമോ ഇൻ ദുബായ് എന്നീ ചിത്രങ്ങളാണ് ആ ആഴ്ച റിലീസിനെത്തുന്നത്.
Romancham Release: രോമാഞ്ചം
ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘രോമാഞ്ചം’. ജോൺ പോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ സഹ നിർമാതാവായി എത്തുന്നത് സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകനും സുഷിൻ തന്നെയാണ്. രോമാഞ്ചത്തിലെ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ്, സജിൻ ഗോപു, സിജു സണ്ണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററിലെത്തി കാണണമെന്ന് പറഞ്ഞ് നിർമാതാവ് ജോൺ പോൾ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
IRATTA Release: ഇരട്ട
ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇരട്ട’. രോഹിത് എം ജി കൃഷ്‌ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ത്രില്ലർ ജോണറിലുള്ള ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സിജോ വടക്കൻ എന്നിവരാണ് നിർമാതാക്കൾ.
അഞ്ജലി, ശ്രിന്ദ, ആര്യ സലീം, ശ്രീകാന്ത് മുരളി, സാബു മോൻ, അഭിരാം, ശരത് സാബ, ഷെബിൻ ബെൻസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Vedikkettu Release: വെടിക്കെട്ട്
വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ് എന്നിവർ സംവിധാകരായി എത്തുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. അമർ അക്‌ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരകഥ ഒരുക്കിയ ഇവർ ആദ്യമായാണ് സംവിധായകരായെത്തുന്നത്. ഇവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഐശ്വര്യ അനിൽകുമാർ നായിക വേഷത്തിലെത്തുന്നു.
ഗോകുലം ഗോപാലൻ, ബാദുഷ എൻ എം, ഷിനോയ് മാത്യൂ എന്നിവരാണ് നിർമാതാക്കൾ. ഛായാഗ്രഹണം രതീഷ് റാം, എഡിറ്റിങ്ങ് ജോൺകുട്ടി നിർവഹിക്കുന്നു.
Momo in Dubai Release: മോമോ ഇൻ ദുബായ്
അമീൻ അസ്‌ലമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മോമോ ഇൻ ദുബായ്’. അനീഷ് ഗോപിനാഥൻ, അനു സിത്താര, ജോണി ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സക്കറിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹ്‌ല അൽ ഫഹദ് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഛായാഗ്രഹണം സജിത്ത് പുരുഷൻ, എഡിറ്റിങ്ങ് രജീഷ് രാജ് നിർവഹിക്കുന്നു.