New Releases:നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തിയത്. പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കു ശേഷം സുരാജ് – ധ്യാൻ ചിത്രം ‘ഹിഗ്വിറ്റ’ ഇന്ന് തിയേറ്ററിലെത്തി. ‘കള്ളനും ഭഗവതിയും’, ‘ജവാനും മുല്ലപ്പൂവും’, ‘ലെയ്ക്ക’ എന്നിവയാണ് ഈ ആഴ്ച തിയേറ്ററിലെത്തിയ മറ്റ് ചിത്രങ്ങൾ.
HIGUITA Release: ഹിഗ്വിറ്റ
ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ.’ പൊളിറ്റിക്കൽ ഡ്രാമ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായെങ്കിലും പിന്നീട് ഹിഗ്വിറ്റ എന്ന പേരിൽ തന്നെ ചിത്രം പുറത്തിറക്കാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുകയായിരുന്നു. ബോബി തരിയൻ, സജിത്ത് അമ്മ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ്ങ് പ്രസീദ് നാരായണൻ.
Kallanum Bhagavathiyum Release: കള്ളനും ഭഗവതിയും
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും.’ കെ വി അനിൽ തിരക്കഥ രചിച്ച ചിത്രത്തിൽ അനുശ്രീ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിൻ രാജ് ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രതീഷ് രാം, എഡിറ്റിങ്ങ് ജോണി കുട്ടി എന്നിവർ നിർവഹിക്കുന്നു.
Jawanum Mullapoovum Release: ജവാനും മുല്ലപ്പൂവും
ശിവദ, സുമേഷ് ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും.’ രഘു മേനോൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു കുടുംബ ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. സുരേഷ് കൃഷ്ണനാണ് രചന നിർവഹിച്ചിരിക്കുന്നു.
Laika Release: ലെയ്ക്ക
മിനിസ്ക്രീനിലെ ഹിറ്റ് താര ജോഡികളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ലെയ്ക്ക.’ അശാദ് ശിവരാമൻ ആണ് ചിത്രത്തിന്റെ സംവിധാനം. ശ്യാം കൃഷ്ണ, പി മുരളീധരൻ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.