ഈ വെള്ളിയാഴ്ച, അതായത് ഏപ്രില്‍ 27ന് മലയാളത്തില്‍ മാത്രം നാല് ചിത്രങ്ങളാണ് റിലീസാകുന്നത്. കൂടാതെ അവഞ്ചേഴ്‌സും. ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ടിക്കറ്റെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആകെ കണ്‍ഫ്യൂഷനാകും വരുന്ന വെള്ളിയാഴ്ച. റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രമാകുന്ന ആഭാസം നാളെ റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും, മാറ്റിവച്ചു.

അങ്കിള്‍

മമ്മൂട്ടി വില്ലനായ നായകനാകുന്നു, ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്നു. ഇതുരണ്ടുമാണ് അങ്കിള്‍ എന്ന ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ചിത്രത്തിലെ പാട്ടും ടീസറുമെല്ലാം ഈ ആകാംക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുമുണ്ട്.

രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം ഒരുക്കുന്നുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് പ്രതിഫലം നല്‍കിയിരുന്നില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കിയിരുന്നു.

സുഹൃത്തിന്റെ മകളുമായുള്ള കൃഷ്ണകുമാറിന്റെ ബന്ധത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സുഹൃത്തിന്റെ മകളുമൊത്തുള്ള യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ടീസറിലും ട്രെയിലറിലും ഇതേക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.

തൊബാമ

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇത്തവണ സംവിധായകനായിട്ടല്ല, നിര്‍മ്മാതാവായിട്ടാണ് അല്‍ഫോണ്‍സ് എത്തുന്നത്. പ്രേമത്തിന്റെ സംവിധായകന്‍ കാശുമുടക്കുന്ന സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേക്ഷകര്‍ അത്രയ്‌ക്കൊന്നും മടിക്കുമെന്നു തോന്നുന്നില്ല.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.

അരവിന്ദന്റെ അതിഥികള്‍

വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരിക്കല്‍കൂടി വെള്ളിത്തിരയില്‍ അച്ഛനും മകനുമാകുന്നു. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പതിയാറ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചാണക്യതന്ത്രം

ചിത്രത്തിലെ ഉണ്ണിമുകുന്ദന്റെ ഗെറ്റപ്പ് നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ചായന്‍സിനു ശേഷം ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണിത്. ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത്.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍

എക്കാലവും പ്രേക്ഷകരെ ഹരം കൊള്ളിച്ച അവഞ്ചേഴ്‌സിന്റെ മൂന്നാം ഭാഗമാണ് റിലീസിനൊരുങ്ങുന്നത്. അയേണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, ബ്ലാക്ക് വിഡോ, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ മാര്‍വെല്‍ ഹീറോസെല്ലാം ഒന്നിക്കുന്ന ചിത്രമാണ് അവഞ്ചേഴസ് ഇന്‍ഫിനിറ്റി വാര്‍. ഹോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും വലിയ റിലീസാണിത്. കൂടാതെ ബ്ലാക്ക് പാന്തറിന്റെ വലിയ വിജയവും പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ