കോവിഡ് മഹാമാരി സമ്മാനിച്ച അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് മലയാളസിനിമാലോകം വീണ്ടും സജീവമായി തുടങ്ങുകയാണ്. നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. മമ്മൂട്ടി, ടൊവിനോ തോമസ്, പാർവ്വതി തിരുവോത്ത്, ആസിഫ് അലി, സണ്ണി വെയ്ൻ, ജോജു ജോര്‍ജ്, സംയുക്താ മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
Read more: ലാലുവിന് ആശംസകളുമായി ഇച്ചാക്ക; ‘ബറോസ്’ പൂജ ചിത്രങ്ങള്‍, വീഡിയോ
Kala Release: ടൊവിനോയുടെ ‘കള’ നാളെ തിയേറ്ററുകളിലേക്ക്
ടൊവിനോ തോമസ് നായകനാവുന്ന ‘കള’ മാർച്ച് 25ന് വേൾഡ് വൈഡ് റിലീസിന്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങങ്ങൾക്കു ശേഷം രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’.
കട്ട താടിയും മുടിയുമൊക്കെ കലിപ്പ് ലുക്കിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘കള’ എന്ന് ടൊവിനാേ മുൻപും വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ടൊവിനോയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
രോഹിത്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ചമന്‍ ചാക്കോ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
One Release: മമ്മൂട്ടിയുടെ ‘വൺ’ തിയേറ്ററിലെത്താൻ ഇനി ഒരു പകൽ മാത്രം ബാക്കി
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് ‘വൺ’. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിർമിക്കുന്നത്.
ജോജു ജോർജ്,സംവിധായകൻ രഞ്ജിത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Aanum Pennum Release: ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രം
ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ‘ആണും പെണ്ണും’. ചിത്രം മാർച്ച് 26ന് തിയേറ്ററുകളിൽ എത്തും. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ‘ആണും പെണ്ണും’ ആന്തോളജിയിൽ ഉള്ളത്. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേണുവാണ്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.
Anugraheethan Antony Release: സണ്ണി വെയ്നിന്റെ ‘അനുഗ്രഹീതൻ ആന്റണി’
സണ്ണി വെയ്നിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാവുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ ആണ് സണ്ണി വെയിനിന്റെ നായികയായി എത്തുന്നത്. മാർച്ച് 26നാണ് ചിത്രം റിലീസിനെത്തുന്നത്.
ജിഷ്ണു രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.
അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.
Biriyani Release: പുരസ്കാരത്തിളക്കത്തോടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്
ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ‘ബിരിയാണി’ മാര്‍ച്ച് 26-ന് തിയേറ്ററുകളിലെത്തും. യു ഏ എന്‍ ഫിലിം ഹൗസിന്റെ ബാനറിൽ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ബിരിയാണി’യിൽ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കാർത്തിക് മുത്തുകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും ലിയോ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2020 മുതൽ 50-ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് ഇതുവരെ 20 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Read more: വെശന്നിട്ടാ മൊതലാളി; ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങി ബേസിൽ