New Malayalam Release: ആറാട്ടിനു ശേഷം സിനിമാപ്രേമികൾക്ക് ഉത്സവാപ്രതീതി സമ്മാനിക്കാനായി ഒരു സൂപ്പർസ്റ്റാർ ചിത്രം കൂടി നാളെ തിയേറ്ററിലേക്ക്. ഒപ്പം ദുൽഖർ സൽമാന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’, ടൊവിനോ നായകനാവുന്ന ‘നാരദൻ’ എന്നീ ചിത്രങ്ങളും നാളെ റിലീസിനെത്തുകയാണ്. അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നതിന്റെ ആഹ്ളാദത്തിലാണ് മമ്മൂട്ടി-ദുൽഖർ ആരാധകരും.
Bheeshma Parvam Release: ഗാങ്ങ്സ്റ്റര്‍ കഥയുമായി മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വം
ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മപര്‍വ്വം’. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന് ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്ഷന്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Hey Sinamika Release: ദുൽഖറിന്റെ ‘ഹേ സിനാമിക’ നാളെയെത്തും
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ നാളെ തിയേറ്ററുകളിലേക്ക്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
മദൻ കർക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്.
Naradan Release: മാധ്യമലോകത്തെ കഥകളുമായി ‘നാരദൻ’
ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രമായ ‘നാരദൻ’ ആണ് മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി. ആര് ആണ്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.
ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജാഫര്‍ സാദിഖ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.