New Malayalam Release: നാലു മലയാളം ചിത്രങ്ങൾ കൂടി ഈ ആഴ്ച റിലീസിനെത്തുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യർ, ജയസൂര്യ, നിഖില വിമൽ, മാത്യു തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവർക്കെല്ലാം ഈ ആഴ്ച റിലീസ് ചിത്രങ്ങളുണ്ട്. ഈ ആഴ്ച റിലീസിനെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
Puzhu Release: മമ്മൂട്ടിയുടെ ‘പുഴു’
മമ്മൂട്ടി നായകനാകുന്ന ‘പുഴു’ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. മേയ് 13ന് സോണി ലിവിലാണ് ‘പുഴു’ റിലീസ് ചെയ്യുന്നത്. നേരിട്ട് ഒടിടി റിലീസ് ആകുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ‘പുഴു’. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതയായ റത്തീനയാണ് ‘പുഴു’ സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.
Pathaam Valavu Release: പത്താം വളവ്
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താം വളവ്’ മേയ് 13ന് തിയേറ്ററുകളിലേക്ക്. ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
അദിതി രവി, നാസ്വിക, അജ്മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർക്കൊപ്പം നടി മുക്തയുടെ മകൾ കൺമണിയും ചിത്രത്തിലുണ്ട്.
രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Meri awaaz suno Release: മേരി ആവാസ് സുനോ
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരി ആവാസ് സുനോ മേര് 13ന് തിയേറ്ററുകളിലെത്തും. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കു ശേഷം ജയസൂര്യ- പ്രജേഷ് സെൻ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ’.
ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അതിഥി വേഷത്തിൽ സംവിധായകന് ശ്യാമപ്രസാദുമുണ്ട് ചിത്രത്തിൽ.
ചിത്രത്തിന്റെ തിരക്കഥയും പ്രജേഷ് സെന്നിന്റേതാണ്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനാണ്.
Jo & Jo Release: ജോ& ജോ
നിഖില വിമല്‍, മാത്യു തോമസ്, നസ്ലെന് എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ജോ ആൻഡ് ജോ’. നവാഗതനായ അരുണ്‍ ഡി ജോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മേയ് 13ന് ചിത്രം തിയേറ്ററുകളിലെത്തും.
ജോണി ആന്റണി, സ്മിനു സി ജോയ്, ലീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രാഹണം അന്‍സാര്‍ ഷായും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിച്ചിരിക്കുന്നു. ടിറ്റോ തങ്കച്ചന് എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.