New Malayalam Release: മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തുന്ന ആയിഷ, പൂവൻ, വനിത എന്നീ ചിത്രങ്ങൾ തിയേറ്ററിലെത്തി.
Ayisha Release: ആയിഷ
ആമിർ പള്ളിയ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം ആയിഷ ഇന്ന് റിലീസിനെത്തി. ഇൻഡോ- അറേബ്യൻ തീമിലുള്ള ചിത്രം മലയാളം, അറബി എന്നീ ഭാഷകളിലാണ് തിയേറ്ററിലെത്തുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ആയിഷയിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. പ്രഭുദേവ- മഞ്ജു വാര്യർ കൂട്ടുക്കെട്ടിലൊരുങ്ങിയ ഗാനമാണ് ചിത്രത്തിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ച ആദ്യ ഘടകം.
ആഷിഫ് കക്കോടിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രം ഒരു കൂട്ടം ഗദ്ദാമകളുടെ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ.കൃഷ്ണ ശങ്കർ, രാധിക, മോന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സംഗീതം ഒരുക്കിയത് എം ജയചന്ദ്രനാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റിങ്ങ് അപ്പു എൻ ബട്ടതിരി എന്നിവർ നിർവഹിക്കുന്നു.
Poovan Release: പൂവൻ
അനുരാഗ് എൻജിനീയറിങ്ങ് വർക്ക്സ് എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് വിനീത് വാസുദേവനും അഖില ഭാർഗവനും. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പൂവൻ. വീനിത് വാസുദേവൻ തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ. വരുൺ ധാര തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ഷെബിൻ ബക്കർ, ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ്. ഫൺ – ഫാമിലി ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
ആന്റണി വർഗീസ് പെപ്പെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിൻ ചെറുകയിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എ ഡി, അനിഷ്മ അനിൽകുമാർ, ബിന്ദു സതീഷ്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം സജിത്ത് പുരുഷൻ എന്നിവർ നിർവഹിക്കുന്നു.
Vanitha Release: വനിത
ലെന വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വനിത. ടൈറ്റിൽ കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ഒരു വനിത പോലീസിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. റഹീം ഖാദർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വനിത.
മൂവി മേക്കഴ്സാണ് ചിത്രം അവതരിപ്പിക്കുന്നത്. സലീം കുമാർ, സീമ ജി നായർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പശ്ചാത്തല സംഗീതം ബിജിബാൽ നിർവഹിക്കുന്നു.