ഓണം റിലീസുകൾ എത്തും മുൻപെ രണ്ടു മലയാളം ചിത്രങ്ങൾ കൂടി ഈ ആഴ്ച തിയേറ്ററുകളിലേക്ക് വരികയാണ്. ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക്, മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്നിവയാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ.
Theerppu Release: പൃഥ്വിയുടെ തീർപ്പ്
കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Kudukku 2025 Release: 2025ൽ നിന്നും കുടുക്ക്
അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിനു ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചെയ്യുന്ന സിനിമയാണ് കുടുക്ക് 2025. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയമായി വരുന്നത്. കൃഷ്ണശങ്കറാണ് ചിത്രത്തിലെ നായകൻ. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക, റാം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
അഭിമന്യു വിശ്വനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കിരണ്‍ ദാസ് എഡിറ്റിംഗും ശ്രുതിലക്ഷ്മി സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.