New Malayalam Release: പുതിയ മൂന്നു ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സൈജു കുറുപ്പ് നായകനാവുന്ന ഉപചാരപൂർവം ഗുണ്ട ജയൻ, അർജുൻ അശോകന്റെ മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്, ഷെയ്ൻ നിഗം നായകനാവുന്ന വെയിൽ എന്നിവയാണ് ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തുന്ന മലയാളസിനിമകൾ.
Upacharapoorvam Gunda Jayan Release: ഉപചാരപൂർവം ഗുണ്ട ജയൻ
സൈജു കുറുപ്പ് നായകനായി എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. കുറുപ്പിന് ശേഷം ദുൽഖർ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് നിർമ്മാണം.
സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സിജു വിത്സൺ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
Member Rameshan 9aam Ward Release: മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്
അര്ജ്ജുന് അശോകന് നായകനാവുന്ന ചിത്രമാണ് ‘മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്’. ബോബന് & മോളി എന്റര്റ്റൈന്മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.
ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗും എൽദോ ഐസക് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
കൈലാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ‘അലരേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ പാട്ടു പാടുന്ന അഭിനേതാക്കളുടെ നിരയിലേക്ക് ഇനി അര്ജ്ജുന് അശോകനെയും ചേർത്ത് വെക്കാം. ‘മെമ്പർ രമേശന് വേണ്ടി അർജുനും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
Veyil Release: വെയിൽ
ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വെയിൽ. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഷെയ്നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന് ജോസ്, ഇമ്രാന്, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തമിഴിൽ പ്രശസ്ത സംഗീതസംവിധായകനായ പ്രദീപ് കുമാറാണ് വെയിലിന് വേണ്ടി സംഗീതമൊരുക്കിയത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഷാസ് മുഹമ്മദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി.