scorecardresearch

‘ന്യൂഡൽഹി’ രണ്ടാം ഭാഗം; ജയാനൻ വിൻസെന്റിന്റെ സ്വപ്നപദ്ധതി

സിനിമോട്ടോഗ്രാഫറായ ജയാനൻ വിൻസെന്റിന്റെ സ്വപ്നപദ്ധതിയാണ് ‘ന്യൂഡൽഹി’യുടെ രണ്ടാം ഭാഗം

‘ന്യൂഡൽഹി’ രണ്ടാം ഭാഗം; ജയാനൻ വിൻസെന്റിന്റെ സ്വപ്നപദ്ധതി

മലയാളത്തിലെ വിജയ തിളക്കമുള്ള ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി- ജോഷി ടീമിന്റെ ‘ന്യൂഡൽഹി’. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലേക്ക് വിരൽചൂണ്ടുന്ന നിരവധി ചിത്രങ്ങൾ പിന്നീട് മലയാളത്തിൽ ഉണ്ടാവാൻ പ്രചോദനമായ ചിത്രമെന്നും ന്യൂഡൽഹിയെ വിശേഷിപ്പിക്കാം. ഡൽഹി കേന്ദ്രീകരിച്ച് പുറത്തുവന്ന ചുരുക്കം മലയാളചിത്രങ്ങളിൽ ഒന്നുകൂടിയാണ് ‘ന്യൂഡൽഹി’.

ജോഷിയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ കനത്ത പരാജയത്തിലേക്ക് പോയികൊണ്ടിരുന്ന സമയത്ത്, തുടർച്ചയായി നാലു ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം, ഇരുവരുടെയും ജീവിതത്തിലേക്ക് വിരുന്നെത്തിയ മധുരമുള്ള വിജയത്തിന്റെ കഥയാണ് ‘ന്യൂഡൽഹി’ എന്ന ചിത്രത്തിനു പറയാനുള്ളത്. ജി കെ എന്ന പത്രപ്രവര്‍ത്തകന്റെ റോളില്‍ മാസ് ആയും ക്ലാസ് ആയും മമ്മൂട്ടി തിളങ്ങിയ ചിത്രം. ‘ന്യൂഡൽഹി’യുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന വാർത്തകളാണ് സിനിമാ പ്രേമികൾക്ക് സന്തോഷം പകർന്നുകൊണ്ട് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

‘ന്യൂഡൽഹി’ സിനിമോട്ടോഗ്രാഫറായിരുന്ന ജയാനൻ വിൻസെന്റിന്റെ സ്വപ്നപദ്ധതിയാണ് ഈ രണ്ടാം ഭാഗമെന്നത്. ഇതിന്റെ തിരക്കഥയെഴുത്തിന്റെ തിരക്കിലാണ് ജയാനൻ വിൻസെന്റ് ഇപ്പോൾ. സംവിധാനം ചെയ്യുകയാണെങ്കിൽ അത്തരമൊരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തോടെ മുന്നോട്ട് പോവുകയാണ് അദ്ദേഹമിപ്പോൾ.

Read more: ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും; മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം എംഎ നിഷാദും ജയാനൻ വിൻസെന്റുമായുള്ള ഓർമ പങ്കിട്ടുകൊണ്ട് ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ജയാനൻ വിൻസെന്റ്റും,ഒരു മാർ ഇവാനിയോസ് കാലവും

അങ്ങനെ ഒരു കാലത്തെ ചിത്രം കണ്ണിൽ പെട്ടത്, ഇന്ന് ഈ കൊറോണക്കാലത്തെ, അടുക്കി ചിട്ടപ്പെടുത്തലിന് ഇടയിലാണ്. മലയാളത്തിലെ പ്രതിഭാധനരായ രണ്ട് കലാകാരന്മാർ- ജയാനൻ വിൻസെന്റ്റും ഡെന്നീസ് ജോസഫും. അവരുടെയിടയിൽ ആത്മനിവൃതിയോടെ നിൽക്കുന്ന ഈയുളളവന്റ്റെ പടം മനു അങ്കിൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചെടുത്തതാണ്.

M A nishad, Dennis Joseph, Jayanan Vincent

തിരുവനന്തപുരത്തെ സുന്ദരസുരഭിലമായ കാലം, മാർ ഇവാനിയോസ് എന്ന ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായ കലാലയത്തിലെ സുവർണ്ണകാലമെന്നും വിശേഷിപ്പിക്കാം. സിനിമയെന്ന സ്വപ്നം, ഒരു ഭ്രാന്തായി കൊണ്ട് നടക്കുന്ന സമയം. അങ്ങനെയൊരു നാൾ, ഇവാനിയോസിന്റെ അടുത്ത് മണ്ണന്തലയിലെ ഒരു വലിയ വീട്ടിൽ മമ്മൂട്ടിയുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്ന് എസ് എഫ് ഐ ക്കാരനായ എന്നെയറിയിക്കുന്നത്, കെ എസ് യു ക്കാരനായ കോശിയാണ്. അവനും ഒരു സിനിമാ പ്രാന്തൻ തന്നെ. ഞാനും കോശിയും മറ്റൊരു സുഹൃത്ത് പ്രശാന്തും കൂടി എന്റ്റെ ബൈക്കിൽ ട്രിപ്പിൾ അടിച്ച് മണ്ണന്തലയിലെത്തുന്നു.

നല്ല ജനക്കൂട്ടം. കാരണം അന്ന് മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുന്ന ദിവസമാണ്. മണ്ണന്തലയിലെ വീട്ടിന്റെ പരിസരത്ത് ആൾക്കൂട്ടം കൂടി വരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ ആവേശപൂർവ്വം നിൽക്കുന്ന ജനങ്ങൾക്കിടയിലൂടെ അകത്ത് കടക്കാൻ അത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. പെട്ടെന്ന് ഒരു കാർ വന്നിറങ്ങുന്നു. കാറിനുളളിൽ നിന്നും സോമേട്ടൻ (എം ജി സോമൻ) ഇറങ്ങുന്നു. ആളുകൾക്ക് അദ്ദേഹത്തെ കണ്ട സന്തോഷം.

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ട ജനക്കൂട്ടത്തിന്റെ ഹർഷാരവങ്ങളിൽ പെട്ട് ഞങ്ങൾ ഒരുപാട് പിറകിലോട്ട് പിന്തളളപ്പെട്ടു. മമ്മൂക്ക എന്നുള്ള ആർപ്പുവിളികൾ… അന്തരീക്ഷം ശബ്ദമുഖരിതമാക്കി.
കൂളിംഗ് ഗ്ളാസ്സ് വെച്ച് സുസ്മേരവദനായി, എല്ലാവരേയും കൈ വീശികാണിച്ച് മമ്മൂട്ടി അകത്തേക്ക് പോയി.
വീടിന്റെയുളളിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് വന്നു. അവർ തമ്മിൽ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നത് കണ്ട്, ആൾക്കൂട്ടത്തിനിടയിൽ നിന്നൊരു ചേട്ടൻ വേറൊരാളോട് തിരുവനന്തപുരം ഭാഷയിൽ ചോദിക്കുന്നു,”ആരടേ ഇതിന്റ്റെ സംവിധായകൻ? അത് കേട്ട് മറ്റൊരാൾ, എവനോ എന്തോ….ജ്വാഷിയായിരിക്കും.

നാനയും ചലച്ചിത്രവും ഫിലിംഫെയറും ചിത്രഭൂമിയുമൊക്കെ അരച്ച് കലക്കി കുടിച്ച എന്നിലെ സിനിമാഭ്രാന്തന് അതത്രക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ പ്രതികരിച്ചു. വീടിന് പുറത്ത് നിന്ന് സംസാരിക്കുന്ന, രണ്ട് പേരെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു, ആ പൊക്കമുളളയാളാണ് സംവിധായകൻ. പേര് ഡെന്നീസ് ജോസഫ്, ന്യൂഡൽഹിയുടെയും രാജാവിന്റെ മകന്റെയുമെല്ലാം തിരകഥാകൃത്ത്. പിന്നെ ആ താടി വെച്ച് കണ്ണാടിയുളള, കാവിമുണ്ടുടുത്ത്, നിൽക്കുന്നയാളാണ്, ഈ സിനിമയുടെ ക്യാമറാമാൻ, പേര് ജയാനൻ വിൻസെന്റ്റ്. പ്രശസ്ത സംവിധായകൻ എ വിൻസെന്റ്റ് സാറിന്റെ മകൻ.

ആൾക്കൂട്ടം എന്നെ അത്ഭുതത്തോടെ നോക്കി, എന്നെ ശ്രദ്ധിക്കാനും എന്റെ സിനിമാ പരിജ്ഞാനം വിളമ്പാനുളള അവസരമായി, ഞാനതിനെ കണ്ടു… സിനിമയും സിനിമാക്കാരും എല്ലാവർക്കും ഒരു കൗതുകമാണല്ലോ (ഇന്നങ്ങനെ അല്ലെങ്കിലും)… അങ്ങനെ ഞാൻ ക്ളാസ്സെടുക്കാൻ തുടങ്ങി, നടന്മാർ മാത്രമല്ല സിനിമാക്കാർ എന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കണമെന്ന എന്റ്റെ അജണ്ട അന്നാണ് ആദ്യം തുടങ്ങിയത്. (ഇന്നും അത് അഭംഗുരം തുടരുന്നു…)

അങ്ങനെ ഞാൻ ജയാനൻ വിൻസെന്റ്റിനെ പറ്റി വാചാലനായി. ന്യൂഡൽഹി, രാജാവിന്റ്റെ മകൻ, ജനുവരി ഒരോർമ്മ… അങ്ങനെ അങ്ങനെ അദ്ദേഹത്തേ കുറിച്ചുളള ഒരുപാട് കാര്യങ്ങൾ. ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടൊരാൾ ആ സെറ്റിലുണ്ടായിരുന്നു, കലാസംവിധായകൻ സാബു പ്രവദ. ഞങ്ങൾ പതുക്കെ സാബുവുമായി ചങ്ങാത്തത്തിലായി, കൂടെ ക്യാഷിയറായിരുന്ന സുബൈറും. ഞാൻ റൂറൽ എസ് പിയുടെ മകനാണെന്നറിഞ്ഞപ്പോൾ സ്വീകാര്യത കൂടി. അങ്ങനെ ഷൂട്ടിംഗിന് വേണ്ടി ഒരു ഫീയറ്റ് കാർ സംഘടിപ്പിച്ച് കൊടൂത്തതോട് കൂടി ഞങ്ങൾ അകത്തെ ആളുകളായി. മമ്മൂട്ടിയെ അടുത്ത് കണ്ടു, സോമേട്ടനെ, ലളിത ചേച്ചിയെ, പ്രതാപചന്ദ്രൻ ചേട്ടനെ, അങ്ങനെ ഒരുപാട് പേരെ… ആ സെറ്റിൽ വെച്ച് ഞാൻ മമ്മൂട്ടിയെ ബുദ്ധിപൂർവ്വമായി ഇന്റർവ്യൂ ചെയ്യുകയും ചെയ്തു.

ആ ലൊക്കേഷനിൽ എന്നെ ഏറ്റവും ആകർഷിച്ച വ്യക്തി ജയാനൻ വിൻസെന്റ്റായിരുന്നു… ബഹളങ്ങളില്ലാതെ, വളരെ ശാന്തനായി, അദ്ദേഹത്തിന്റ്റെ ക്യാമറയിൽ, രംഗങ്ങൾ ഒപ്പിയെടുക്കുന്നതിലെ കല, അത് അന്നും ഇന്നും മറ്റൊരാളിൽ കണ്ടിട്ടില്ല. A versatile cinematographer എന്നദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. എത്രയോ സിനിമകൾ, വിവിധ ഭാഷയിൽ, അദ്ദേഹത്തിന്റ്റെ ഫ്രെയിമുകളിൽ പതിഞ്ഞിരിക്കുന്നു. ഇപ്പോൾ കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജയാനൻ വിൻസെന്റ്, വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. കഴിഞ്ഞ ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ലോക സിനിമയിൽ നടക്കുന്ന വിപ്ളവകരമായ മാറ്റങ്ങൾ, പ്രത്യേകിച്ച് സിനിമാട്ടോഗ്രാഫിയിലെ, നൂതനമായ ആശയങ്ങളൊക്കെ എന്നോട് അദ്ദേഹം പങ്ക് വെച്ചു.

മമ്മൂട്ടിയെ നായകനാക്കി ‘ന്യൂഡൽഹി’യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം എന്നറിഞ്ഞപ്പോൾ, ഒരുപാട് സന്തോഷം തോന്നി. മലയാളിക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായിരിക്കും അത്. ഒരു സംശയവുമില്ല, കാരണം ജയാനൻ വിൻസെന്റ് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്.

Read more: മമ്മൂട്ടിയുടെ നായിക, രജനീകാന്തിന്റെയും; ഈ ചിത്രത്തിലെ താരറാണിയെ മനസ്സിലായോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New delhi second part mammootty jayanan vincent ma nishad