ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലായ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ന്റെ ( One Hundred Years of Solitude-ഏകാന്തതയുടെ നൂറ് വർഷങ്ങൾ) അവകാശം നെറ്റ്ഫ്ലിക്സ് നേടിയെടുത്തു. 1967-ൽ പ്രകാശനം ചെയ്ത പുസ്തകത്തിനെ സ്‌പാനിഷ്‌ ഭാഷയിൽ ഒരു വെബ് പരമ്പരയായി പുറത്തിറക്കുമെന്ന് ഓൺലൈൻ സ്ട്രീമിംഗ് മാധ്യമമായ നെറ്റ്ഫ്ലിക്സ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

ഗാർഷ്യ മാർകേസിന്റെ മക്കളായ റോഡ്‌റിഗോ ഗാർഷ്യ, ഗോൺസാലോ ഗാർഷ്യ എന്നിവർ എക്സിക്യൂട്ടീവ് നിർമ്മാതാക്കളായി പ്രവർത്തിക്കും. ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ (ഏകാന്തതയുടെ നൂറ് വർഷങ്ങൾ) ഏകദേശം 47 ദശലക്ഷം പകർപ്പുകൾ വിറ്റഴിക്കപ്പെടുകയും 46 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.

സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. 1960 – 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി ഈ നോവലിനെ കണക്കാക്കാറുണ്ട്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കാരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങൾ ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്.

Read more: ‘ബാഹുബലി’യ്ക്ക് പുതിയ മുഖങ്ങൾ: രാജമാത ശിവകാമിയായി ഇനി മൃണാൾ താക്കൂർ

മുൻപ് ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ‘കോളറക്കാലത്തെ പ്രണയം’ (Love in the Time of Cholera) എന്ന നോവലും സിനിമയായിരുന്നു. പ്രണയവും പ്രണയനിരാസവും വഞ്ചനയും വാർധക്യജീവിതവും മരണവും പ്രതീക്ഷയുമെല്ലാം കത്തിപ്പടരുന്ന ‘കോളറക്കാലത്തെ പ്രണയം’ സിനിമയാക്കിയത് സംവിധായകൻ മൈക്ക് ന്യൂവെൽ ആയിരുന്നു. റോണാൾഡ് ഹാർവുഡ് തിരക്കഥയൊരുക്കിയ ചിത്രത്തിന് നോവലിന്റെ സൗന്ദര്യം നിലനിർത്താനായില്ല എന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. 2007 ലായിരുന്നു ‘കോളറക്കാലത്തെ പ്രണയം’ എന്ന സിനിമ റിലീസിനെത്തിയത്.

‘എറെൻഡിറ’ എന്ന സ്പാനിഷ് ചിത്രത്തിനു വേണ്ടിയും മാർകേസ് തിരക്കഥ ഒരുക്കിയിരുന്നു. മാർകേസിന്റെ തന്നെ ‘ദ ഇൻക്രെഡിബിൾ ആൻഡ് സാഡ് ടെയിൽ ഓഫ് ഇന്നസെന്റ് എറെൻഡിറ ആൻഡ് ഹെർ ഹെർട്ട്ലെസ്സ് ഗ്രാൻഡ് മദർ (1972)’ എന്ന നോവല്ലെയെ അവലംബിച്ചൊരുക്കിയ ചിത്രമായിരുന്നു ‘എറെൻഡിറ’. ‘ഏകാന്തതയുടെ നൂറു വർഷം’ എന്ന നോവലിലുള്ള കഥാപാത്രം തന്നെയായിരുന്നു എറെൻഡിറയും അവളുടെ മുത്തശ്ശിയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ