ടോണി കൊളറ്റ് അഭിനയിച്ച ‘അൺബിലീവബിൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. ദി മാർഷൽ പ്രൊജക്ടും പ്രൊപബ്ലിക്കയും ചേർന്നൊരുക്കിയ പുലിറ്റ്സർ പുരസ്കാരം നേടിയ ‘ആൻ അൺബിലീവബിൾ സ്റ്റോറി ഓഫ് റേപ്പ്'(അവിശ്വസനീയമായ ഒരു ബലാത്സംഗ കഥ) എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന മാരി എന്ന പെൺകുട്ടിയുടെ നരേറ്റീവിലാണ് കഥയുടെ സഞ്ചാരം. എന്നാൽ മതിയായ തെളിവുകളില്ലാത്തതിനാലും പറയുന്ന കാര്യത്തിൽ സ്ഥിരതയില്ല എന്ന് പറഞ്ഞും മാരി പറയുന്നത് കള്ളമാണെന്ന് മറ്റുള്ളവർ ആരോപിക്കുകയാണ്. പിന്നീട് രണ്ട് വനിതാ ഡിറ്റക്ടീവുകൾ അവളെ വിചാരണ ചെയ്യുകയും പിന്തുടരുകയും ചെയ്ത് സത്യം വെളിച്ചത്തു കൊണ്ടുവരികയാണ്.

Read More: നെറ്റ്ഫ്ളിക്സ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത; 250 രൂപ മുതൽ പ്ലാനുകൾ ലഭ്യമാകുമെന്ന് റിപ്പോർട്ട്

താൻ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് മാരി തുറന്നു സമ്മതിച്ചതിന് ശേഷം സമാനമായ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ട് സ്ഥലങ്ങളിലായി നടന്നതായി കണ്ടെത്തുന്നു.

ട്രെയിലറിൽ നിന്നും ഈ സീരീസ് അൽപ്പം കഠിനവും തീവ്രവുമാണെന്ന് വ്യക്തമാകുന്നു. ട്രെയിലറിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ഭാഗവും മാരി എന്ന കഥാപാത്രം വിവരിക്കുന്നതായാണ് കാണുന്നത്. ‘നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ആളുകൾ പോലും ഒരുപക്ഷെ അസൗകര്യപ്രദമായ സത്യങ്ങൾ വിശ്വസിച്ചുകൊള്ളണം എന്നില്ല,’ മാരി പറയുന്നു. സെപ്റ്റംബർ 13 മുതലാണ് ‘അൺബിലീവബിൾ’നെറ്റ്ഫ്ലിക്സിൽ ആരംഭിക്കുന്നത്.

അതേസമയം കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്ളിക്സ്. ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഓഫർ ചെയ്യുകയാണ് കമ്പനി. ഈ മൊബൈൽ സ്ക്രീൻ പ്ലാനുകൾ 250 രൂപ മുതൽ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുക. 2019 ന്റെ രണ്ടാം പാദത്തിൽ കമ്പനി ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് ഇത് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് നെറ്റ്ഫ്ലിക്സിനെ പരിചയപ്പെടുത്താനും ബിസിനസ്സ് കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പ്ലാനിന് എന്തു വിലവരും, പ്രതിവാര/പ്രതിമാസ സബ്‌സ്ക്രിപ്ഷൻ പ്ലാനാണോ തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. മലേഷ്യ പോലുള്ള ഏഷ്യയിലെ മറ്റു വിപണികളിൽ കൊണ്ടുവന്നതിനു സമാനമായ പ്ലാനുകൾ ഇന്ത്യൻ വിപണിയിലും പരീക്ഷിക്കുമെന്ന് തുടക്കത്തിൽതന്നെ നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കായി 65 രൂപ മുതൽ ആരംഭിക്കുന്ന പ്രതിവാര മൊബൈൽ പ്ലാനുകളും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.

500 രൂപ മുതലായിരുന്നു നിലവിൽ നെറ്റ്ഫ്ളിക്സ് പ്ലാനുകൾ ആരംഭിച്ചിരുന്നത്. പ്രീമിയം സർവീസുകൾക്ക് 800 രൂപ വരെ ഓരോ മാസവും നെറ്റ്ഫ്ളിക്സ് ഈടാക്കുന്നുണ്ട്. ഹോട്ട് സ്റ്റാർ പ്രീമിയം സബ്‌സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയുടെ വാർഷിക നിരക്ക് വച്ചു നോക്കുമ്പോൾ പോലും വളരെ കൂടുതലാണ് നെറ്റ് ഫ്ളിക്സിന്റെ നിരക്കുകൾ. 999 രൂപയ്ക്ക് ഹോട്ട് സ്റ്റാർ പ്രീമിയം സബ്‌സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയെല്ലാം ഒരു വർഷത്തേക്ക് ലഭ്യമാണ്. സോണിലൈവ് 499 രൂപയാണ് ഒരു വർഷത്തേക്ക് ഈടാക്കുന്നത്, അതേ സമയം വൂട്ടിന്റെ സർവീസ് പൂർണമായും സൗജന്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook