കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിൽ മുന്‍നിരക്കാരായ നെറ്റ്ഫ്ളിക്സ്. ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഓഫർ ചെയ്യുകയാണ് കമ്പനി. ഈ മൊബൈൽ സ്ക്രീൻ പ്ലാനുകൾ 250 രൂപ മുതൽ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുക. 2019 ന്റെ രണ്ടാം പാദത്തിൽ കമ്പനി ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് ഇത് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് നെറ്റ്ഫ്ലിക്സിനെ പരിചയപ്പെടുത്താനും ബിസിനസ്സ് കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പ്ലാനിന് എന്തു വിലവരും, പ്രതിവാര/പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനാണോ തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. മലേഷ്യ പോലുള്ള ഏഷ്യയിലെ മറ്റു വിപണികളിൽ കൊണ്ടുവന്നതിനു സമാനമായ പ്ലാനുകൾ ഇന്ത്യൻ വിപണിയിലും പരീക്ഷിക്കുമെന്ന് തുടക്കത്തിൽതന്നെ നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കായി 65 രൂപ മുതൽ ആരംഭിക്കുന്ന പ്രതിവാര മൊബൈൽ പ്ലാനുകളും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.
മൊബൈലിൽ മാത്രം ലഭ്യമാകുന്ന പ്രതിമാസ പ്ലാനാവും 250 രൂപയുടേത് എന്നാണ് റിപ്പോർട്ടുകൾ. “ഇതുവഴി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ തങ്ങളുടെ മൊബൈലിൽ നെറ്റ്ഫ്ളിക്സ് കാണാനും നിശ്ചിത സമയത്തിനു ആവശ്യമായ രീതിയിൽ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാനും സാധിക്കും,” നെറ്റ്ഫ്ളിക്സ് വൃത്തങ്ങൾ സ്ഥിതീകരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഒടിടി കണ്ടന്റ് വീഡിയോ പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ളിക്സ് എന്ന് ഒരു സസർവ്വെയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ പ്രാദേശികവും കായികവുമായ കണ്ടന്റുകൾ നൽകുന്നത് നെറ്റ്ഫ്ളിക്സിന് ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെറ്റ്ഫ്ളിക്സിന്റെ പുതിയ നീക്കം എന്നു വേണം അനുമാനിക്കാൻ. സോണി ലൈവ്, വൂട്ട്, സീ5 എന്നിവയും രംഗത്തുണ്ട്.
500 രൂപ മുതലായിരുന്നു നിലവിൽ നെറ്റ്ഫ്ളിക്സ് പ്ലാനുകൾ ആരംഭിച്ചിരുന്നത്. പ്രീമിയം സർവീസുകൾക്ക് 800 രൂപ വരെ ഓരോ മാസവും നെറ്റ്ഫ്ളിക്സ് ഈടാക്കുന്നുണ്ട്. ഹോട്ട് സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയുടെ വാർഷിക നിരക്ക് വച്ചു നോക്കുമ്പോൾ പോലും വളരെ കൂടുതലാണ് നെറ്റ് ഫ്ളിക്സിന്റെ നിരക്കുകൾ. 999 രൂപയ്ക്ക് ഹോട്ട് സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയെല്ലാം ഒരു വർഷത്തേക്ക് ലഭ്യമാണ്. സോണിലൈവ് 499 രൂപയാണ് ഒരു വർഷത്തേക്ക് ഈടാക്കുന്നത്, അതേ സമയം വൂട്ടിന്റെ സർവീസ് പൂർണമായും സൗജന്യമാണ്.
Read more: ഇന്ത്യയിൽ 65 രൂപയ്ക്ക് വീക്കിലി പ്ലാൻ; നെറ്റ്ഫ്ലിക്സ് ടെസ്റ്റിങ് തുടങ്ങിയതായി റിപ്പോർട്ട്