അമിതാഭ് ബച്ചനും താപ്സി പാന്നുവും പ്രധാന വേഷങ്ങളിലെത്തിയ ഹിന്ദി ചിത്രം ‘പിങ്കി’ന് തമിഴിൽ റിമേക്ക് ഒരുങ്ങുന്നു എന്ന വാർത്തയെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായിരിക്കുകയാണ്. ‘നേർകൊണ്ട പാർവൈ’ എന്നാണ് ചിത്രത്തിന് തമിഴിൽ പേര്. അമിതാഭ് ബച്ചൻ ചെയ്ത വക്കീൽ വേഷം തമിഴിൽ അവതരിപ്പിക്കുന്നത് സൂപ്പർസ്റ്റാർ തല അജിത്താണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ശ്രീദേവി മാഡത്തിന്റെ അനുഗ്രഹത്തോടെ ‘നേർകൊണ്ട പാർവൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നാണ് അജിത്തിന്റെ മാനേജരായ സുരേഷ് ചന്ദ്ര ട്വിറ്ററിൽ കുറിച്ചത്. അജിത്ത്, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ് എന്നിവരാണ് പോസ്റ്ററിലുള്ളത്.
With the blessings of Madam @SrideviBkapoor here is theTitle & 1st look of @nerkondapaarvai @thisisysr @ShraddhaSrinath @dhilipaction @ZeeTamil @DoneChannel1 @ProRekha @ZeeStudios_ pic.twitter.com/y8QS1HvNDf
— Suresh Chandra (@SureshChandraa) March 4, 2019
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, വിദ്യ ബാലൻ, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നേർകൊണ്ട പാർവൈ’. “പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്,” ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.” എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ,” എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് വിദ്യ പ്രതികരിച്ചത്.
Read more: അജിത്ത് ചിത്രത്തിൽ വിദ്യ ബാലൻ അതിഥി വേഷത്തിൽ
ബോണി കപൂറിന്റെയും ആദ്യ തമിഴ് നിർമാണസംരംഭമാണ് ചിത്രം. ‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരിക്കുന്നു. ” പിങ്കിന്റെ തമിഴ് റിമേക്ക് എന്ന ആശയം അജിത്ത് പങ്കുവെച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു,” എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിയ്ക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർക്കുന്നു.
‘ഇംഗ്ലീഷ് വിഗ്ലീഷ്’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ തമിഴിൽ ബോണികപൂറിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് ശ്രീദേവിയ്ക്ക് വാക്കു നൽകിയിരുന്നു. ശ്രീദേവിയുടെ ആ സ്വപ്നം കൂടിയാണ് ‘നേർകൊണ്ട പാർവൈ’യിലൂടെ യാഥാർത്ഥ്യമാകുന്നത്. ആഗസ്തിലാവും ചിത്രം തിയേറ്ററുകളിലെത്തുക.