അജിത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ‘നേർകൊണ്ട പാർവൈ’യിൽ നൃത്തച്ചുവടുകളുമായി ബോളിവുഡ് താരം കൽക്കി കേക്ലയും. അമിതാഭ് ബച്ചനും താപ്സി പാന്നുവും മത്സരിച്ച് അഭിനയിച്ച് ഏറെ നിരൂപക പ്രശംസ നേടിയ ‘പിങ്ക്'(2016) എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘നേർകൊണ്ട പാർവൈ’. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

യുവൻ ശങ്കർ രാജ സംഗീതം നിർവ്വഹിച്ച ‘കാലം’ എന്നു തുടങ്ങുന്ന ഗാനത്തിലാണ് സ്പെഷ്യൽ ഡാൻസ് നമ്പറുമായി കൽക്കിയെത്തുന്നത്. അലിഷ തോമസും യുനോഹും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, വിദ്യ ബാലൻ, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. അമിതാഭ് ബച്ചൻ ചെയ്ത വക്കീൽ വേഷമാണ് തമിഴിൽ അജിത്ത് അവതരിപ്പിക്കുന്നത്. വിദ്യാ ബാലനും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നേർകൊണ്ട പാർവൈ’.

“പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ​ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക​ അടുപ്പമുണ്ട്,” ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.” എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ,” എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് വിദ്യ പ്രതികരിച്ചത്.

ബോണി കപൂറിന്റെയും ആദ്യ തമിഴ് നിർമാണസംരംഭമാണ് ചിത്രം. ‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരിക്കുന്നു. ” പിങ്കിന്റെ തമിഴ് റിമേക്ക് എന്ന ആശയം അജിത്ത് പങ്കുവെച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു,” എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിയ്ക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർക്കുന്നു.

‘ഇംഗ്ലീഷ് വിഗ്ലീഷ്’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ തമിഴിൽ ബോണികപൂറിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് ശ്രീദേവിയ്ക്ക് വാക്കു നൽകിയിരുന്നു. ശ്രീദേവിയുടെ ആ സ്വപ്നം കൂടിയാണ് ‘നേർകൊണ്ട പാർവൈ’യിലൂടെ യാഥാർത്ഥ്യമാകുന്നത്. ആഗസ്തിലാവും ചിത്രം തിയേറ്ററുകളിലെത്തുക.

Read more: അജിത്തിന്റെ വക്കീൽ വേഷവുമായി ‘നേർകൊണ്ട പാർവൈ’ ഫസ്റ്റ് ലുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook