മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അനുഗ്രഹീത അഭിനേത്രിയായ അമ്മ സരികയോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ.
” അച്ഛനൊപ്പം നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, ഇനി അമ്മയോടൊപ്പം അഭിനയിക്കണം. അതാണെന്റെ ആഗ്രഹം. ഞങ്ങൾക്കൊരു പ്രൊഡക്ഷൻ ഹൗസുണ്ട്. അമ്മയ്ക്കൊപ്പം ഒന്നിച്ച് വർക്ക് ചെയ്തു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ,” ശ്രുതി ഹാസൻ പറയുന്നു.
ലാക്മേ ഫാഷൻ വീക്കിന്റെ വിന്റെര്‍ ഫെസ്റ്റീവ് 2018 ൽ പങ്കെടുക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രുതി. പ്രതിഭാധരരായ അഭിനേതാക്കളുടെ മകളെന്ന നിലയിൽ അഭിനയത്തിലേക്ക് പ്രവേശിക്കുമ്പോൾ സമ്മർദ്ദങ്ങളുണ്ടായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അഭിനയത്തില്‍ അച്ഛനോടും അമ്മയോടും മത്സരിക്കാന്‍ എനിക്കാവില്ല എന്നാണ് ശ്രുതി ഉത്തരമേകിയത്.
“സമ്മർദ്ദമില്ലായിരുന്നു. കാരണം, ഇതെന്റെ ജീവിതമാണ്. ഞാനെന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് ചുവടു വെച്ചത്, അവരുമായി ഒരു താരതമ്യപ്പെടുത്തലോ മത്സരമോ സാധ്യമല്ല. അവർ രണ്ടു പേരും നാലാം വയസ്സിൽ അഭിനയ ലോകത്തേക്കു വന്നവരാണ്. ആ അനുഭവങ്ങളോടും പ്രതിഭയോടും മത്സരിക്കാന്‍ എനിക്കാവില്ല. എനിക്കറിയാം, അവരുമായി പലരും എന്നെ താരതമ്യപ്പെടുത്താറുണ്ട്. പക്ഷേ, അതിനൊന്നും ഞാനത്ര പ്രാധാന്യം കൊടുക്കുന്നില്ല. മകളെന്ന രീതിയിൽ അവരെന്നെ കുറിച്ച് അഭിമാനിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുള്ളൂ. എന്റെ ജോലിയിൽ ഞാൻ കാണിക്കുന്ന സമര്‍പ്പണവും കഠിനാധ്വാനവും അവർക്ക് അഭിമാനം നൽകുന്നുമുണ്ട്,” ശ്രുതി കൂട്ടിച്ചേർത്തു.
ലാക്മേ ഫാഷൻ വീക്കിന്റെ വിന്റഡർ ഫെസ്റ്റീവിൽ ഡിസൈനർ സാക്ഷ- കിന്നി ജോഡികളുടെ ‘റാസ്’ കളക്ഷനു വേണ്ടിയാണ് ശ്രുതി റാമ്പിൽ ചുവടുവെച്ചത്. എർത്തി കളറിൽ കഫ്താൻ സ്റ്റൈൽ സ്ലീവുള്ള നീണ്ടയുടുപ്പ് അണിഞ്ഞാണ് ശ്രുതിയെത്തിയത്. മൂന്നു ലെയറുകളായിട്ടുള്ള ഉടുപ്പിൽ മെറ്റാലിക് ആക്സസറീസും പിടിപ്പിച്ചിരുന്നു.
ബോളിവുഡിൽ ഒരു ദശകം പൂർത്തിയാക്കുകയാണ് ശ്രുതി ഹാസൻ എന്ന 32 വയസ്സുകാരി. വ്യക്തിയെന്ന രീതിയിലും അഭിനേത്രിയെന്ന രീതിയിലും ഏറെ മാറ്റങ്ങൾ ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണ് ശ്രുതി സ്വയം വിലയിരുത്തുന്നത്.
“എന്റെ ക്ഷമ കൂടിയിട്ടുണ്ട്. പലപ്പോഴും എനിക്കെന്നെ നഷ്ടമായിട്ടുണ്ടെങ്കിലും വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്തതല്ല. ദൈവഹിതം പോലെ സംഭവിച്ചതാണ് എല്ലാം, ഞാനേറെ അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നാറുണ്ട്” ശ്രുതി പറഞ്ഞു.