മലയാള സിനിമയില്‍ പരിചിത മുഖമാണ് നേഹ സക്‌സേന. മോഡലിങ് രംഗത്തും സജീവ സാന്നിധ്യമാണ് നേഹ. എന്നാല്‍, കുട്ടിക്കാലത്ത് താന്‍ കടന്നുപോയത് ഏറെ പ്രതിസന്ധികളിലൂടെയായിരുന്നു എന്ന് നേഹ പറയുന്നു. ഭക്ഷണം പോലും കഴിക്കാതെ ചെലവഴിച്ച ദിവസങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്ത് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് നേഹ തുറന്നുപറഞ്ഞത്.

Image may contain: 1 person, smiling, closeup

താന്‍ ജനിക്കുന്നതിനു മുന്‍പേ അച്ഛന്‍ മരിച്ചു എന്ന് നേഹ പറയുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ തന്നെ ഗര്‍ഭം ധരിച്ചിട്ടുണ്ടായിരുന്നു. അച്ഛന്‍ മരിച്ച വിവരം അറിഞ്ഞതും അമ്മ കോമയിലായി. ഒന്നര വര്‍ഷത്തോളം അമ്മ കോമയിലായിരുന്നു. ആറ് മാസവും 24 ദിവസവും ഉള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ തന്നെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മ കോമയിലായതുകൊണ്ടാണ് ഇത്. എന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നുപോലും ഡോക്ടര്‍മാര്‍ക്കു ഉറപ്പില്ലായിരുന്നു. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ശേഷം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു എന്നും നേഹ പറയുന്നു.

Read Also: കല്യാണം കഴിച്ചത് 21-ാം വയസ്സിൽ; ഇഡ്ഡലിയില്ലാതെ ജീവിക്കാൻ പറ്റില്ല: ശശി തരൂർ

Image may contain: 1 person, smiling, text

“കുട്ടിക്കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അച്ഛന്‍ ഇല്ല, സഹോദരന്‍ ഇല്ല. അമ്മ മാത്രമാണ് ആശ്രയമായി ഉള്ളത്. ഒന്‍പത് ദിവസം വീട്ടില്‍ ഭക്ഷണമില്ലാതെ ഇരുന്നിട്ടുണ്ട്. അന്ന് വെള്ളം മാത്രം കുടിച്ചാണ് ഞാനും അമ്മയും വീട്ടിലിരുന്നത്. ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പക്ഷേ, ആരുടെ മുന്നിലും കൈ നീട്ടരുതെന്നാണ് അമ്മ അന്നും പറഞ്ഞത്. വളരെ ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അമ്മ. എപ്പോഴും ആത്മവിശ്വാസത്തോടെയാണ് അമ്മ ജീവിച്ചിട്ടുള്ളത്. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉള്ളപ്പോഴും അമ്മ വലിയ ധൈര്യം നല്‍കി. അതുകൊണ്ടാണ് എനിക്കും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്നത്” നേഹ സക്‌സേന പറഞ്ഞു.

Read Also: ദീപ്തം, മനോഹരം; വൈറലായി ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട്

“ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും പേടിയില്ലാതെ ജീവിക്കണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു എളുപ്പവഴിയെക്കുറിച്ചോ തെറ്റായ വഴിയെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. വ്യോമസേനയിലോ അല്ലെങ്കില്‍ ഒരു എയര്‍ ഹോസ്റ്റസായോ ഞാന്‍ ജോലി ചെയ്യണമെന്നായിരുന്നു എന്റെ കുടുംബത്തിലുള്ളവരുടെ ആഗ്രഹം. അമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ മോഹം ഉപേക്ഷിച്ചു. സിനിമയിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എവിയേഷൻ, ഹോട്ടൽ മാനേജുമെന്റ് എന്നിവ പഠിച്ച ശേഷം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് അമ്മ അറിയാതെ മോഡലിങ്ങും നടത്തി. ഇപ്പോൾ ദെെവാനുഗ്രഹത്താൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്.” നേഹ സക്‌സേന പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം ‘കസബ’യിലും മോഹൻലാലിനൊപ്പം ‘മുന്തിരിവള്ളികൾ തളിർക്കുമ്പോ’ഴിലും നേഹ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നേഹ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook