അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ചുരുക്കം ചില ബോളിവുഡ് താരങ്ങളിലൊരാളാണ് നേഹാ ധൂപിയ. കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.

ഈയ്യടുത്താണ് നേഹയും നടന്‍ അങ്കദ് ബേദിയും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ വിവരം താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

എന്നാല്‍ ആരാധകരിലൊരാള്‍ താരത്തിന് ഉപദേശവുമായി രംഗത്തെത്തുകയായിരുന്നു. ഭര്‍ത്താവ് അങ്കദിന് നേഹയേക്കാള്‍ രണ്ട് വയസു കുറവാണെന്നായിരുന്നു താരത്തെ ട്രോളാനുള്ള കാരണമായി ഒരാള്‍ കണ്ടെത്തിയത്. അങ്കദിന്റെ പുതിയ ചിത്രമായ സൂര്‍മ്മയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച നേഹയുടെ പോസ്റ്റിന് കീഴെയായിരുന്നു ഒരാള്‍ അധിക്ഷേപവുമായെത്തിയത്.

അങ്കദ് സഹോദരനാണെന്നും പോയി രാഖി കെട്ടാനുമായിരുന്നു യുവാവിന്റെ കമമന്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ അധിക്ഷേപിക്കാന്‍ വന്നയാളെ വെറുതെ വിടാന്‍ നേഹ തയ്യാറായില്ല. ഉടനെ തന്നെ കൃത്യമായ മറുപടി താരം നല്‍കി. ഉപദേശത്തിന് നന്ദിയെന്നും പോയി ജീവിക്കാന്‍ നോക്കെന്നുമായിരുന്നു നേഹയുടെ മറുപടി.

ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് സൂര്‍മ്മ. ദില്‍ജിത്താണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സന്ദീപിന്റെ സഹോദരന്‍ ബിക്രംജീത്തിന്റെ വേഷമാണ് ചിത്രത്തില്‍ അങ്കദ് കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ