സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ശേഷം ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയായി. നേഹ ധൂപിയയും അംഗദ് ബേഡിയുമാണ് ബോളിവുഡിന്റെ നവദമ്പതികള്‍. വിവാഹിതരായ വിവരം നേഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് നേഹ വിവാഹത്തെ കുറിച്ച് എഴുതിയത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്തതായും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഏറ്റവും അടുത്ത് സുഹൃത്ത്, ഇപ്പോള്‍ ഭാര്യ എന്ന് അംഗദും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Best friend.. now Wife!!! Well hello there Mrs BEDI!!! @nehadhupia

A post shared by Angad Bedi (@angadbedi) on

സിഖ് മതാചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹക്കാര്യത്തെക്കുറിച്ച് ഇരുവരും മുമ്പ് ഒരു സൂചന പോലും നല്‍കിയിരുന്നില്ല. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് താരമായ ബിഷാന്‍ സിങ്ങിന്റെ മകനാണ് അംഗദ്. എന്‍.എസ്.മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കി ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അംഗദ് ബേഡി കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു. സീമാ ബിശ്വാസ്, നീലാംബരി ഭട്ടാചാര്യ, നീതാ മൊഹീന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പിങ്ക്, ഡിയര്‍ സിന്ദഗി, ടൈഗര്‍ സിന്ദാ ഹേ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

കൊച്ചിയില്‍ ജനിച്ച നേഹാ ധൂപിയ 2003ല്‍ പുറത്തിറങ്ങിയ ഖയാമത്ത്: സിറ്റി അണ്ടര്‍ ത്രെട്ട് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിങ് ഈസ് കിങ്, ഡിയര്‍ ഫ്രണ്ട് ഹിറ്റ്‌ലര്‍, മിഥ്യ എന്നിവ പ്രധാന ചിത്രങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook