ബോളിവുഡ് കണ്ട വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ഋഷി-നീതു കപൂർമാരുടേത്. രാജ് കപൂറിന്റെ മകനും അന്നത്തെ മുൻനിര നായകനുമായ ഋഷി വിവാഹം കഴിച്ചത് അന്നത്തെ നായികമാരിൽ പ്രധാനിയായിരുന്നു നീതുവിനെയായിരുന്നു. സ്വാഭാവികമായും വിവാഹം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. എന്നാൽ വിവാഹത്തിന്റെ വിവാഹത്തിന്റെ തിക്കിലും തിരക്കിലും പെട്ട് വധൂവരന്മാർ ഉലഞ്ഞു പോയി എന്നും വിവാഹം നടക്കുമ്പോൾ തങ്ങൾ രണ്ടു പേരും മദ്യപിച്ചിരുന്നു എന്നും നീതു കപൂർ അടുത്തിടെ വെളിപ്പെടുത്തി.
‘വലിയ വിവാഹം ആയതു കൊണ്ട് തന്നെ ഗേറ്റ് ക്രാഷേർസ് (വിളിക്കാതെ എത്തുന്ന അതിഥികൾ) ഉണ്ടായിരുന്നു, പോക്കറ്റടിക്കാർ ഉണ്ടായിരുന്നു. കല്ലും ചെരുപ്പും ഒക്കെ പൊതിഞ്ഞു ഗിഫ്റ്റായി തന്നിരുന്നു. നന്നായി വസ്ത്രം ധരിച്ചവർ ആയിരുന്നു. അത് കൊണ്ട് ഞങ്ങൾ സംശയിച്ചില്ല,’ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നീതു കപൂർ ഓർത്തു.
താനും ഋഷിയും ബോധം കെടുന്ന സാഹചര്യം വരെയുണ്ടായി, അത്രമേൽ തിരക്കുണ്ടായിരുന്നു. ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് താനും തിരക്കിനെ പേടിയുള്ളത് കൊണ്ട് ഋഷിയും ബോധരഹിതനായി എന്നാണു അവർ പറഞ്ഞത്.
വിവാഹചടങ്ങുകൾ തുടങ്ങുന്നതിനു മുൻപ് താനും ഋഷിയും ബ്രാൻഡി കുടിച്ചിരുന്നതായും അവർ പറഞ്ഞു. ‘സാഥ് ഫേരാ’ എന്ന ഏഴു പ്രാവശ്യം അഗ്നിയെ വലം വയ്ക്കുന്ന, ഏറ്റവും വിവാഹ ചടങ്ങുകളിൽ ഏറ്റവും പ്രധാനമായി കരുതപ്പെടുന്ന ചടങ്ങു നടക്കുമ്പോൾ ഇരുവരും നന്നായി മദ്യപിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി.
വർഷങ്ങൾക്ക് ശേഷമാണ് നീതു കപൂർ വീണ്ടും സിനിമയിൽ സജീവമാകുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഋഷി കപൂർ മരിച്ചു. അതെ തുടർന്നാണ് അവർ വീണ്ടും സിനിമയിൽ എത്തിയത്. ബോളിവുഡ് താരം രൺബീർ കപൂർ മകനാണ്. അടുത്തിടെയാണ് രൺബീർ കപൂർ
നടി ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. സ്വന്തം വിവാഹത്തിന്റെ തിക്കും തിരക്കും ഓർമ്മയിൽ ഉള്ളത് കൊണ്ടാവണം, മകന്റെ കല്യാണം വളരെ സ്വകാര്യമായ ഒരു ചടങ്ങായാണ് നീതു നടത്തിയത്.
Read Here: സബ്യസാചി ഡിസൈൻ വസ്ത്രങ്ങളിൽ തിളങ്ങി ആലിയയും രൺബീറും; വിവാഹചിത്രങ്ങൾ