കഴിഞ്ഞ മാസമാണ് യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവിനും ഭാര്യ ദീപ്തിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. അച്ഛനായതിനു ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നീരജ്. മകളെ കയ്യിലെടുത്തു നിൽക്കുന്ന നീരജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
View this post on Instagram
ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് ദീപ്തി.
2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ സൃഷ്ടിച്ചു.
Read More: ട്വന്റി ട്വന്റി എനിക്ക് മടുത്തു, പറക്കട്ടെ ഞാനിനി; വൈറലായി നീരജ് മാധവിന്റെ പുതിയ റാപ്
അഭിനയം മാത്രമല്ല, ലോക്ക്ഡൗൺ കാലത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരം കൂടിയാണ് നീരജ് മാധവ്. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി. കുട്ടികൾ അടക്കം മുതിർന്നവർ വരെ പാടി നടന്ന ആ ഹിറ്റ് ഗാനത്തിനു പിന്നാലെ ‘അക്കരപ്പച്ച’ എന്നൊരു റാപ്പ് കൂടെ നീരജ് പുറത്തിറക്കിയിരുന്നു.
നീരജിന്റെ ‘ഫ്ളൈ’ എന്ന പുതിയ റാപ്പും തരംഗമാവുകയാണ്. കൊറോണ കാലത്തിന്റെ നിരാശയും പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷയുമാണ് വരികളിൽ നിറയുന്നത്. നീരജ് മാധവ് തന്നെയാണ് വരികളെഴുതിയതും ആലപിച്ചതും.
ഫോട്ടോസെൻസീറ്റീവ് ആയവരും അപസ്മാര ലക്ഷണങ്ങൾ ഉള്ളവരും കാണരുതെന്ന മുന്നറിയിപ്പോടെയാണ് കണ്ണുതള്ളിക്കുന്ന ‘അക്കരപ്പച്ച’ എന്ന വീഡിയോ നീരജ് പങ്കുവച്ചത്. ചടുലമായ ചലനങ്ങളും എഡിറ്റിങ്ങിലെ മികവും പാട്ടിന്റെ മോഡുലേഷനുമെല്ലാം കയ്യടി നേടിയിരുന്നു.