റാപ്പ് സോങ്ങുകളുടെ വരവ് മലയാളികള്‍ അംഗീകരിച്ചു തുടങ്ങിയത് നീരജ് മാധവ് എന്ന നടനിലൂടെയായിരിക്കും. അഭിനയ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ റാപ്പിനു വരികളെഴുതാനും അതിനു സംഗീതം നല്‍കാനും നീരജ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അക്കരപ്പച്ച, പണിപ്പാളി, ആര്‍പ്പോ തുടങ്ങിയ നീരജിന്റെ റാപ്പ് സോങ്ങുകള്‍ക്കു അതിവേഗം പ്രേക്ഷക പ്രീതി നേടാനായി.
എ ആര് റഹ്മാനു വേണ്ടി നീരജ് വരികളെഴുതി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നീരജ് തന്നെയാണ് എ ആര് റഹ്മാനുമായുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘ ഞാന്‍ എ ആര് റഹ്മാനു വേണ്ടി വരികളെഴുകി, ഗാനം ആലപിച്ചു. ഇതെന്റെ സ്വപനമായിരുന്നു’ എന്ന അടിക്കുറിപ്പും ചിത്രത്തിനു നല്‍കിയിട്ടുണ്ട്. സംവിധായകന് ഗൗതം മേനോനെയും ചിത്രത്തില്‍ കാണാനാകും.
ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ വെന്തു തണിന്തതു കാട്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നീരജ് ഗാനം ആലപിച്ചിരുന്നു. ആ പ്രകടനമാണ് ഇത്തരം ഒരു അവസരത്തിലേയ്ക്കു കൊണ്ടെത്തിച്ചത്.
അപര്‍ണ ബാലമുരളിയോടൊപ്പം ചെയ്ത ‘ സുന്ദരി ഗാര്‍ഡന്‍സ്’ ആണ് നീരജിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം. സോണി ലിവ് ല്‍ റിലീസ് ചെയ്ത ചിത്രം നല്ല പ്രതികരണങ്ങളാണ് നേടുന്നത്.