സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ വെല്ലുവിളിക്കുന്ന രസകരമായ എത്രയോ സോഷ്യൽ മീഡിയ ഗെയ്മുകൾ കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വെല്ലുവിളിയുമായി നടൻ നീരജ് മാധവ് എത്തിയിരിക്കുന്നു. ക്രോസ് ഡ്രസ് ചലഞ്ച് എന്നാണ് ഗെയ്മിന്റെ പേര്. ഇതിനൊപ്പം നീരജ് ചെറുപ്പകാലത്ത് നാടോടി നൃത്തത്തിന് പെൺവേഷം കെട്ടിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സ്ത്രീകളാണെങ്കിൽ പുരുഷവേഷത്തിലും പുരുഷന്മാരാണെങ്കിൽ സ്ത്രീവേഷത്തിലുമുള്ള ചിത്രം പോസ്റ്റ് ചെയ്യാനാണ് നീരജ് ആവശ്യപ്പെടുന്നത്. നിവിൻ പോളി, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, പ്രിയാ മണി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരെ നീരജ് വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഇതുവരെ ക്രോസ് ഡ്രസങ് ചെയ്തിട്ടില്ലെ ന്നാണ് ടൊവിനോയുടെയും പ്രിയാ മണിയുടെയും കമന്റ്.
മാമാങ്കം എന്ന ചിത്രത്തിനായി മമ്മൂട്ടി പെൺവേഷത്തിൽ വന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിൽനിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്നും നീരജ് പറയുന്നു. എന്തായാലും മറ്റുള്ളവർ നീരജിന്റെ വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് കാത്തിരുന്ന് കാണണം.
Read More: ‘പെണ്ണഴകില്‍ മമ്മൂട്ടി’; മാമാങ്കം പുതിയ ലുക്ക് വൈറല്‍
‘പെണ്ണഴകില്‍ മമ്മൂട്ടി’ എന്ന വാചകത്തോടെയായിരുന്നു മമ്മൂട്ടിയുടെ പെൺവേഷത്തിലുള്ള ചിത്രം നിർമാതാവ് വേണു കുന്നപ്പള്ളി പോസ്റ്റ് ചെയ്തത്. ”മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ’ എന്നായിരുന്നു നിർമാതാവ് ചിത്രത്തോടൊപ്പം കുറിച്ചത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ മൂന്ന് ഗെറ്റപ്പുകളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാമാങ്കം ഡിസംബര്‍ 12ന് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു. നേരത്തെ, നവംബര്‍ 21 ന് ചിത്രം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. റിലീസ് തിയതി വൈകിയതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നുമുണ്ട് അണിയറപ്രവര്‍ത്തകര്‍.