/indian-express-malayalam/media/media_files/uploads/2023/09/Neeraj-Madhav-1.jpg)
Neeraj Madhav during RDX Shoot
ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആർ ഡി എക്സ്' സമീപകാലത്ത് ബോക്സ് ഓഫീസിൽ തീർത്ത ഓളം ചെറുതല്ല. 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു കഴിഞ്ഞു. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ആക്ഷൻ ചിത്രമെന്ന രീതിയിലും ഖ്യാതി നേടിയ 'ആർ ഡി എക്സ്' നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ആക്ഷൻ സീനുകളിൽ പുലർത്തിയ മികവാണ് ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നത്. ഇടിയുടെ പൊടിപ്പൂരം കാഴ്ചവയ്ക്കുന്ന ക്ലൈമാക്സ് സീനുകളും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മറക്കാനാവില്ല. റോബർട്ട്, ഡോണി സഹോദരങ്ങളായി ഷെയ്നും ആന്റണി വർഗീസ് പെപ്പെയും എത്തിയപ്പോൾ അവരുടെ കൂട്ടുകാരൻ സേവ്യറായി എത്തിയത് നീരജ് മാധവായിരുന്നു. ബ്രദർഹുഡിന്റെയും സൗഹൃദത്തിന്റെയും മിഴിവേകിയ കാഴ്ചകളാണ് റോബർട്ടും ഡോണിയും സേവ്യറും ചേർന്ന് സമ്മാനിച്ചത്.
നീരജ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 'ആർ ഡി എക്സ്' ക്ലൈമാക്സ് ഷൂട്ടിനിടയിൽ കാലിന് പരുക്കു പറ്റിയതിന്റെയും പിന്നെ റിക്കവർ ചെയ്തതിന്റെയും ഓർമയാണ് നീരജ് വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. നിൽക്കുന്നിടത്ത് ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ടു, ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്,’’ നീരജ് പറയുന്നു.
കാലിന്റെ കുഴ തെറ്റിയ നീരജ് വേദനയും നീരും മൂലം കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റിന്റെ ട്രീറ്റ്മെന്റിൽ പരുക്കിനെയെല്ലാം അതിജീവിക്കുകയായിരുന്നു നീരജ്.
"നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് എന്തും അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും പരിഹസിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി. അത് എന്റെ ആഗ്രഹങ്ങൾക്ക് ഇന്ധനം പകരുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കാൻ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും," വീഡിയോ ഷെയർ ചെയ്ത് നീരജ് കുറിക്കുന്നു.
മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആർഡിഎക്സ് നിർമ്മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ. ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർക്കൊപ്പം ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു.
/indian-express-malayalam/media/media_files/uploads/2023/09/Neeraj-Madhav.jpg)
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us