Neeraj Madhav on playing the antagonist in the Amazon Prime Web Series The Family Man: വെബ് സീരീസ് ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ‘ദി ഫാമിലി മാൻ’. മനോജ് ബാജ്പേയ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ വെബ് സീരിസിൽ മലയാളികൾക്ക് അഭിമാനിക്കാൻ ഒരു യുവനടനുമുണ്ട്- നീരജ് മാധവ്. ‘ദി ഫാമിലി മാൻ’ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണു നീരജ് മാധവ്.

നിലയ്ക്കാത്ത അഭിനന്ദന പ്രവാഹങ്ങൾക്കും സോഷ്യൽ മീഡിയ സന്ദേശങ്ങളും തന്റെ കഥാപാത്രത്തിനെ തേടിയെത്തുന്ന സന്തോഷത്തിലായിരുന്നു നേരിൽ കാണുമ്പോൾ നീരജ്.

“നിർത്താതെ മേസേജുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണു ഞാൻ. ഇതു വരെ ഒരു സിനിമ ചെയ്തിട്ട് ഇത്രയും റെസ്പോൺസ് കിട്ടിയിട്ടില്ല. ചിലപ്പോൾ ഇത്ര നല്ല കഥാപാത്രം മുൻപു ചെയ്യാഞ്ഞിട്ടാവും.” തന്റെ ലൈഫിലെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ‘ഫാമിലി മാനി’ലെ മൂസ റഹ്മാനെ നീരജ് വിശേഷിപ്പിക്കുന്നത്.

അപ്രതീക്ഷിതം ഈ യാത്ര

ഒട്ടും പ്രതീക്ഷിക്കാത്ത യാത്രയായിരുന്നു ഇത്. മറ്റു ഭാഷാചിത്രങ്ങളിലേക്കൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന. പ്രത്യേകിച്ചും തമിഴ്. പക്ഷേ ഹിന്ദി പ്രതീക്ഷിച്ചതേയില്ലായിരുന്നു.​​ ഒരു ദിവസം ഒരു കാസ്റ്റിങ് ഏജൻസിയിൽനിന്ന് കോൾ വരികയാണ്. ‘ഫാമിലി മാൻ’ എന്നൊരു സീരീസിന്റെ ഷൂട്ട് ഉണ്ട്. രാജൻ ഡികെ ടീമാണു സംവിധാനം. ഓഡിഷൻ ചെയ്യാവോ എന്നു ചോദിച്ചാണു വിളിക്കുന്നത്. ഇവിടെ ഓഡിഷൻ എന്ന പരിപാടി ഇല്ലല്ലോ. എനിക്ക് കുഴപ്പമൊന്നുമില്ല. എന്താണ് സംഭവം അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഞാൻ അവരുടെ അടുത്തൊരു ബ്രീഫിങ് ചോദിച്ചു. പിന്നെ എന്നെ നേരിട്ടു വിളിക്കുന്നത് ഡികെ ആണ്. സീരിസിന്റെ കഥയും പ്ലോട്ടുമെല്ലാം പറഞ്ഞുതന്നു. ഓഡിഷൻ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം എന്നെ സെലക്റ്റ് ചെയ്തു.

നിഷ്കളങ്കമായ മുഖവും അതേസമയം അൽപ്പം പരുക്കനാവാനും കഴിയുന്ന ഒരു നടനെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. കണ്ടാൽ പാവമായിട്ടു തോന്നുകയും അതേസമയം വയലന്റായൊരു വശവുമുള്ള കഥാപാത്രമാണു മൂസ. ഒരു തീവ്രവാദിയാണ്. അതിനുചേരുന്ന ഒരാൾ എന്ന രീതിയിലാവാം എന്നെ തിരഞ്ഞെടുത്തത്. കാസ്റ്റിങ് ഏജൻസിയ്ക്ക് എന്നെ മെൻഷൻ ചെയ്തത് നടൻ സുദേവ് നായരാണെന്നു പിന്നീട് ഞാനറിഞ്ഞു.

Neeraj Madhav on playing the antagonist in the Amazon Prime Web Series The Family Man:

മൂസ റഹ്മാൻ ഉയർത്തിയ വെല്ലുവിളി

എന്റെ കഥാപാത്രം ഒരു തീവ്രവാദിയാണ്. എന്നാൽ, സംവിധായകർ കൊണ്ടുവന്ന സമീപനത്തിലെ വ്യത്യാസം എടുത്തുപറയേണ്ടതാണ്. സാധാരണ രീതിയിൽ തീവ്രവാദികളെ ചിത്രീകരിക്കുമ്പോൾ ഏകപക്ഷീയമായി ‘ബ്രെയിൻലെസ്സ് മോൺസ്റ്റർ’ ആയിട്ടാണു കാണിക്കുക. അവരുടെ പ്രവൃത്തി കൊണ്ട് അവർ അതു തന്നെയാണ്. എന്നാൽ ഒരു വ്യക്തിയെന്ന രീതിയിൽ കൂടെ ആ കഥാപാത്രത്തിലേക്ക് ഒരു എത്തിനോട്ടം ഉണ്ടായിട്ടുണ്ട് ഇവിടെ. അയാൾ എന്തുകൊണ്ട് ഇങ്ങനെയായി, മൂസയുടെ പശ്ചാത്തലം, അയാൾ കടന്നു പോയ ഡ്രോമ, ചെയ്യുന്ന കാര്യങ്ങളിൽ​ അയാൾ കൺഫ്യൂസ്ഡ് ആണോ അങ്ങനെ ഒരുപാട് മനോവ്യാപാരങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.

ഈ കഥാപാത്രത്തിന്റെ ചലഞ്ച് എന്തായിരുന്നു എന്നു വച്ചാൽ, സാധാരണ നമ്മളൊരു കഥാപാത്രം ചെയ്യുമ്പോൾ നമുക്കു റിലേറ്റ് ചെയ്യാൻ പറ്റിയ ആരെങ്കിലുമൊക്കെയുണ്ടാവും നമ്മുടെ ലൈഫിൽ. അയാളെ റഫറൻസ് ചെയ്യാൻ നോക്കും. എന്നാൽ ഒരു തീവ്രവാദിയെ എനിക്കു പരിചയമുണ്ടായിരുന്നില്ല (ചിരിക്കുന്നു). എങ്ങനെ അത്തരമൊരു കഥാപാത്രത്തെ ചെയ്യും എന്ന് മുൻധാരണയുമില്ലായിരുന്നു. അതാതു സീനുകളിലെ ഇമോഷൻസ് നോക്കിയാണ് അഭിനയിച്ചത്. അത് വർക്ക്ഔട്ടായി എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് എന്റെ ലൈഫിൽ ഇത്രയും നല്ല കഥാപാത്രം ആരും തന്നിട്ടില്ല.

മനോജ് ബാജ്പേയ്ക്ക് ഒപ്പം ഒരു അരങ്ങേറ്റം

മനോജ് സാർ- വളരെ സീനിയറായ ഒരു നടൻ. രണ്ടു തവണ ദേശീയ അവാർഡ് നേടി, പത്മശ്രീ ജേതാവ്. നമ്മുടെ ലാലേട്ടനോട് പലകാര്യങ്ങളിലും സാമ്യം തോന്നി. ലാലേട്ടൻ നമ്മളെ വളരെ കംഫർട്ടാക്കി നമ്മളിൽ നിന്നു മികച്ച റിസൽറ്റ് ഉണ്ടാക്കുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അതുപോലെ ഓരാളാണു മനോജ് സാറും.  അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ കുറേക്കൂടി ബെറ്റർ ആവും. ക്യാമറയ്ക്കു പിറകിലും  ജെനുവിനായൊരു മനുഷ്യനാണ് അദ്ദേഹം. വേറെ സിനിമ പോലും ചെയ്താതെ എട്ടുമാസം ഈ വെബ് സീരിസിനു വേണ്ടി അദ്ദേഹം മാറ്റിവച്ചു. അദ്ദേഹത്തെ കണ്ട് ഞാനും ഒരു ബ്രേക്ക് എടുത്തിരുന്നു.

ഇരട്ട സംവിധായകർക്കൊപ്പമുള്ള അനുഭവം

രാജൻ- ഡികെ, സിനിമ അല്ലെങ്കിൽ ഫിലിം മേക്കിങ് കൂട്ടായ പരിശ്രമമാണെന്നു വിശ്വസിക്കുന്ന ആളുകളാണ്. വളരെ പ്രോഗസീവ് ആയ  ഡയറക്ടർ ചമയുന്ന പരിപാടിയൊന്നുമില്ലാത്ത രണ്ടുപേർ. ഒരു സജഷൻ പറയുകയോ സംശയം ചോദിക്കുകയോ ചെയ്താൽ എന്നാൽ നമുക്ക് ഇങ്ങനെ ചെയ്യാം എന്നു പറയുന്നവർ. അവർ അവരുടെ പ്രൊഡക്റ്റിൽ വളരെ ആത്മവിശ്വാസമുള്ളവരാണ്.

ആദ്യമായിട്ടാണു രണ്ടു സംവിധായകർക്കൊപ്പം ഞാൻ വർക്ക് ചെയ്യുന്നത്. രണ്ടുപേരാണെങ്കിലും ഒരു യൂണിറ്റ് പോലെയാണ് അവർ പ്രവർത്തിക്കുന്നത്. അവർ പ്രത്യക്ഷത്തിൽ അടികൂടുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. അവർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്നറിയില്ല. ഫിലിം മേക്കിങ്ങിൽ ആയാലും അവരുടെ സിനിമകൾ പാത്ത് ബ്രേക്കിങ് ചിത്രങ്ങളായിരുന്നു. അവരുടെ ബെസ്റ്റ് ഇപ്പോഴും വരാനിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Read more: ഫാമിലി മാൻ’ പ്രദർശനം കൊച്ചിയിൽ നടന്നു; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook