നടൻ നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. നീരജും കോഴിക്കോട് തന്നെയാണ് ജനിച്ച് വളര്‍ന്നത്. ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ല്യു എക്സ് വൺ നീരജ് മാധവ് തന്റെ ഗ്യാരേജിൽ എത്തിച്ചിട്ടുണ്ട്. വളരെ വിദൂരമെന്ന് കരുതിയിരുന്ന ഈ കറുത്ത ചെകുത്താനെ സ്വന്തമാക്കിയ സന്തോഷ വാർത്ത നീരജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പൂജ്യത്തിൽ നിന്നും തുടങ്ങിയ തന്നെ ഇതുവരെ എത്താൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നീരജ് പറഞ്ഞു.

ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എക്സ് എവി വിഭാഗത്തിൽ പെടുന്ന ബിഎംഡബ്ല്യു എക്സ് 1ന്റെ എക്സ് ഷോറൂം വില 32 മുതൽ 42 ലക്ഷം വരെയാണ്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിൻ 188 ബിഎച്ച്പി പവറും 400 എൻഎം ടോർക്കും നൽകും. 8 സ്പീഡ് സ്ടെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 219 കിലോ മീറ്ററാണ്. പൂജ്യത്തിൽ നിന്നും 100 കിലോ മീറ്ററിലെത്താൻ വെറും 7.8 സെക്കൻഡ് മതിയാകും.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook