scorecardresearch

നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

നീരജിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്‌ക

നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

മലയാള സിനിമയിലെ പല സെറ്റുകളിലും വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്ന് ആരോപിച്ച നടൻ നീരജ് മാധവിനോട് ‘ഫെഫ്‌ക’ മറുപടി തേടിയതായി റിപ്പോർട്ടുകൾ. വളർന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ് ആരോപിച്ചിരുന്നു. ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കിൽ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’യ്‌ക്ക് ഫെഫ്‌ക കത്തുനൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നീരജ് മാധവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമ സംഘടനയായ ഫെഫ്‌ക. സിനിമയിൽ ഒരു ഗൂഢസംഘമുണ്ടെങ്കിൽ അവരുടെ പേരുകൾ നീരജ് വെളിപ്പെടുത്തണം. അങ്ങനെയുള്ളവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ ‘അമ്മ’യ്‌ക്ക് അയച്ച കത്തിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. നീരജിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ സ്ത്രീവിരുദ്ധപരാമർശമുണ്ടെന്നും ഫെഫ്‌ക നൽകിയ കത്തിൽ ആരോപണമുണ്ട്.

Read Also: ഞങ്ങൾ മലയാള സിനിമയിൽ ചെയ്ത തെറ്റുകളുടെ തിരുത്തലാണ് ‘സ്റ്റാൻഡ് അപ്പ്’: ബി.ഉണ്ണികൃഷ്ണൻ

നീരജ് മാധവിന്റെ കുറിപ്പിനോട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ നേരത്തെ പ്രതികരിച്ചിരുന്നു. “ഞങ്ങൾ ഒന്നിച്ച് സഹകരിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയിൽ പണ്ടൊക്കെ ഇത്തരം അനുഭവങ്ങൾ വളരെ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സൗഹാർദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തികച്ചും നിർഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല,” വിഷയത്തിൽ കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ മലയാളത്തിൽ സുരക്ഷിതരാണെന്നുമായിരുന്നു ജൂൺ 16ലെ ഫേസ്ബുക്ക് പോസ്റ്റിൽ നീരജ് പറഞ്ഞത്. “സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്. “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്,” എന്ന വാക്കുകളോടെയാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

Neeraj Madhav, നീരജ് മാധവ്, Neeraj Madhav Family Man, ഫാമിലി മാൻ, The Family Man, The Family Man full episodes

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു ഹൈറാർക്കി (hierarchy) സംമ്പ്രദായമുണ്ട്. സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേൽപ്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ കാഷ്വൽ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. വളരെ അധികം ജഡ്ജ്മെന്റൽ ആയുള്ള ഒരു പറ്റം ആളുകൾ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ- ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്കിൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം ഡിമാൻഡിംഗ് ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

Read Also: രാവിലെ എഴുന്നേറ്റ് ജ്യൂസ് കുടിച്ചു, ശേഷം മുറിയിൽ കയറി വാതിലടച്ചു; സുശാന്ത് ഇനി ഓർമ

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ ഹെയർ ഡ്രസ്സറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.”

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം ആവറേജിനു മുകളിൽ ആയാലും പോരാ, എക്സെപ്ഷണൽ ആണേൽ ഞങ്ങൾ വിജയിപ്പിക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം? ആരോട് പറയാൻ…

ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്‌പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണാവത്ത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡിൽ ഗോഡ്‌ഫാദർ ഇല്ലാത്ത സുശാന്തിന്റെ ഇൻഡസ്ട്രിയിലെ ചെറുത്ത്‌ നിൽപ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനു വേണ്ടി മുംബൈയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതേഷ്‌ തിവാരി ചിച്ചോറിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്ക്രീൻ ടെസ്റ്റും മേക്കപ്പ് ചർച്ചയും എല്ലാം കഴിഞ്ഞു ജോയിൻ ചെയ്യാൻ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ, സിനിമയിൽ ഗോഡ്‌ഫാദർ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് മനസ്സിലാക്കാൻ സാധിച്ചേനെ, ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ,” നീരജ് കുറിക്കുന്നു.

“ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, നീതിപൂർവ്വമായ ഒരു മത്സരത്തിൽ എല്ലാവരും തുല്യമായൊരു തുടക്കം അർഹിക്കുന്നുണ്ട് (in a fair race everyone deserves an equal start). സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പോവാനുണ്ട്, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു,”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Neeraj madhav fefka amma malayalam film industry controversy