ടോക്യോ ഒളിംപിക്സിൽ ജാവലിൻത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ അത്ലറ്റിക്സ് താരം നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത അത്ലറ്റിക്സ് മെഡൽ നേട്ടവും രണ്ടാം സ്വർണമെഡൽ നേട്ടവും സ്വന്തമാക്കാൻ നീരജിന് കഴിഞ്ഞു. ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവും ഏഴാം മെഡൽ നേട്ടവുമാണിത്. ഒപ്പം ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ഒളിംപിക്ലായി ടോക്യോ ഒളിംപിക്സ് മാറുകയും ചെയ്തു.
നീരജിന് പുറമെ മറ്റൊരു ഇന്ത്യൻ താരവും ശനിയാഴ്ച ഒളിംപിക്സിൽ മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. ഗുസ്തിയിൽ ബജ്രംഗ് പൂനിയയാണ് വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്.
ചലച്ചിത്ര രംഗത്തുള്ളവരും നീരജിന്റെ സുവർണ നേട്ടത്തിനും ബജ്രംഗിന്റെ വെങ്കല നേട്ടത്തിനും കൈയടിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും അടക്കം പ്രമുഖ താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നീരജിനും ബജ്രംഗിനും അഭിനന്ദനമറിയിച്ചു.
“ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അത്ലറ്റിക്സിൽ ഒളിമ്പിക് സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ. നിങ്ങളുടെ അത്ഭുതകരമായ വിജയത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു,” മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോവുന്ന പ്രകടനം. വെങ്കല മെഡലിന് ബജ്രംഗ് പൂനിയക്ക് അഭിനന്ദനങ്ങൾ, അങ്ങനെ ഇന്ത്യയ്ക്ക് ആറാം മെഡൽ ലഭിച്ചു,” എന്നായിരുന്നു ബജ്രംഗ് പൂനിയയുടെ വെങ്കല മെഡൽ നേട്ടത്തെ പ്രശംസിച്ച് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Read More: തിളക്കമാർന്ന 50 വർഷങ്ങൾ; ഇച്ചാക്കയ്ക്ക് മുത്തമേകി മോഹൻലാൽ
ജയറാം, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ് അലി, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളും നീരജിന്റെ സുവർണ നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.
87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര പുരുഷ ജാവലിനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി 85.44 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
Read More: അന്ന് പ്രേം നസീർ മമ്മൂട്ടിയോട് ചോദിച്ചു; എനിക്ക് പകരം വന്ന ആളാണല്ലേ?
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കരസേനാ ജൂനിയർ കമ്മിഷന്‍ഡ് ഓഫീസറായ നീരജ് സ്വന്തമാക്കി. 2008 ബെയ്ജിങ് ഒളിംപിക്സിലായിരുന്നു അഭിനവ് ബിന്ദ്ര റൈഫിളിൽ സ്വർണം നേടിയത്. 13 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നീരജിലൂടെ രണ്ടാം വ്യക്തിഗത സ്വർണ നേട്ടം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു