മലയാളി എന്നും നെഞ്ചിലേറ്റുന്ന പാട്ടുകളിലൊന്നാണ് പി ഭാസ്കരന്റെ വരികൾക്ക് എം എസ് ബാബുരാജ് ഈണം പകർന്ന് അനശ്വരമാക്കിയ ‘താമസമെന്തേ വരുവാൻ’. ആ അനശ്വരഗാനം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിലൂടെ. റോഷൻ മാത്യുവും റിമ കല്ലിങ്കലുമാണ് ഗാനരംഗത്തിൽ ശശികുമാറും ഭാർഗവിയുമായി എത്തുന്നത്. എം എസ് ബാബുരാജിന് ജന്മാദിനാശംസകൾ നേർന്നുകൊണ്ടാണ് ആഷിഖ് അബു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നീലവെളിച്ചത്തിനു വേണ്ടി ഈ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങൾ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മധു പോൾ ആണ് കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ആദ്യ ഹൊറർ സിനിമ ‘ഭാർഗവീനിലയം’ എന്ന സിനിമയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കൽ, റോഷൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരും ചിത്രത്തിലുണ്ട്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്.