ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം. ഏപ്രിൽ 20 നാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യ ഹൊറർ സിനിമ ‘ഭാർഗവീനിലയം’ ത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ഭാർഗവീനിലയം ചിത്രത്തിലെ ഗാനങ്ങളും അണിയറപ്രവർത്തകർ റീമേക്ക് ചെയ്തിരുന്നു. എം എസ് ബാബുരാജ് ആണ് ‘ഭാർഗവീനിലയ’ത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അനുരാഗ മധുചഷകം, താമസമെന്തേ, എകാന്തതയുടെ മഹാതീരം എന്നീ ഗാനങ്ങളുടെ റീമേക്കിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്നാണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചത്.
എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ പുനരാവിഷ്കരിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സംവിധായകൻ ആഷിഖ് അബു, സംഗീത സംവിധായകൻ ബിജിബാൽ എന്നിവർക്ക് കുടുംബം വക്കീൽ നോട്ടീസ് അയച്ചതായാണ് വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണിപ്പോൾ അണിയറപ്രവർത്തകർ. ഗാനരചയിതാവ് പി ഭാസ്ക്കരന്റെയും സംഗീതസംവിധായകൻ എം ബാബുരാജിന്റെയും പിന്തുടക്കാരിൽ നിന്ന് മുൻ നിർമ്മാണ കമ്പനി ഉടമവസ്ഥവകാശം സ്വന്തമാക്കിയിരുന്നെന്ന് കുറിപ്പിൽ പറയുന്നു. മാത്രമല്ല, മുൻ അവകാശികൾക്ക് പ്രതിഫലയും നൽകിയതായി കുറിപ്പിൽ പറയുന്നുണ്ട്. നീലവെളിച്ചത്തിലെ പുനർനിർമ്മിച്ച ഗാനങ്ങളുടെ വിവരം എം എസ് ബാബുരാജിന്റെ മകൾ സാബിറയെ അറിയിച്ചതിനു ശേഷം അവർ ആശംസകളറിയിക്കുകയും ചെയ്തു. ഇപ്പോഴുള്ള വിവാദം തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് തങ്ങൾ അനുമാനിക്കുന്നതായും അണിയറപ്രവർത്തകർ കുറിക്കുന്നു.
റിമ കല്ലിങ്കൽ, റോഷൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവാണ് ‘നീലവെളിച്ച’ത്തിൽ വേഷമിടുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.