ന്യൂഡൽഹി: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കിടയിൽ മഹാത്മാഗാന്ധിയെ ഇന്ത്യയിലും ലോകത്തിലും വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ.

“നമ്മൾ ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, സ്വച്ഛ് അഭിയാനുമായി പ്രധാനമന്ത്രി മോദി ഈ ആശയം വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞു, കൂടുതൽ അവബോധമുണ്ടായി,” മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞു.

“അതിനാൽ ഗാന്ധിജി റീലോഡാ് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നമുക്ക് ആവശ്യം ഗാന്ധിജി 2.0 ആണ്. നിങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്ര ലോകത്തു നിന്നുള്ളവർ പങ്കെടുത്ത പരിപാടി നടന്നത് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമകളും സിനിമാ പ്രവർത്തകരും വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.

ഷാരൂഖിന് പുറമേ ആമിർ ഖാൻ, കങ്കണ റണാവത്, ഏക്താ കപൂർ, അശ്വിനി അയ്യർ തിവാരി, ജാക്വലിൻ ഫെർണാണ്ടസ്, കരൺ ജോഹർ, ആനന്ദ് എൽ റായ്, കപിൽ ശർമ, ഇംതിയാസ് അലി, അനുരാഗ് ബസു, ബോണി കപൂർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

നിരവധി താരങ്ങളെ ഉൾപ്പെടുത്തി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഒരു പ്രത്യേക വീഡിയോ ചടങ്ങിൽ മോദി ലോഞ്ച് ചെയ്തു. അഭിനേതാക്കളായ സൽമാൻ ഖാൻ, രൺബീർ കപൂർ, വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവരും ഈ വീഡിയോയുടെ ഭാഗമാണ്.

“സർഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണ്, നമ്മുടെ രാജ്യത്തിന് ഈ സർഗ്ഗാത്മകതയെ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമകളുടെയും ടെലിവിഷന്റെയും ലോകത്ത് നിന്നുള്ള നിരവധി ആളുകൾ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്,” ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദിയും താരങ്ങളും മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും അദ്ദേഹം നേതൃത്വം നൽകിയ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook