നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്തയെ വേദനയോടെ ഉൾകൊള്ളുകയാണ് സിനിമാലോകവും പ്രേക്ഷകരും. അഞ്ഞൂറോളം സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച നെടുമുടി വേണു സംഗീതത്തിലും വാദ്യോപകരണ വായനയിലുമെല്ലാം തിളങ്ങിയ അപൂർവ്വ പ്രതിഭയായിരുന്നു.
പ്രിയപ്പെട്ട വേണുചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സഹപ്രവർത്തകർ. “വേണുചേട്ടൻ ബാക്കിവച്ച ആ ശൂന്യത ആർക്കും നികത്താനാവില്ല,” സംവിധായകൻ സിബി മലയിൽ പറയുന്നു.
പൃഥ്വിരാജ്, ബാലചന്ദ്രമേനോൻ, മഞ്ജുവാര്യർ, അഹാന കൃഷ്ണ, മുത്തുമണി, മനോജ് കെ ജയൻ, പാർവതി, ഗീതു മോഹൻദാസ്, അർജുൻ അശോകൻ, അനുശ്രീ, ഭാമ തുടങ്ങി നിരവധി പേരാണ് നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.
നാടകരംഗത്തു നിന്നുമാണ് നെടുമുടി സിനിമയിൽ എത്തിയത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്.
മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന് പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. ‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു.
തമ്പ്, ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ,അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.