ബോളിവുഡ് മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടിമാരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് എന്നിവരുടെ ഫോണുകളിലെ നീക്കം ചെയ്ത സന്ദേശങ്ങൾ (ഡിലീറ്റഡ് ചാറ്റ്) വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). ഈ കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊബൈൽ ഫോണിൽ നിന്നും എൻസിബി സമാനമായ രീതിയിൽ ഡാറ്റ വീണ്ടെടുത്തിരുന്നു. നടിമാരുടെ ചാറ്റുകൾ പരിശോധിച്ചാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് എൻസിബിയുടെ കണക്കുക്കൂട്ടൽ.
Read in English: NCB may extract data from phones of Deepika, Shraddha, Sara
ശനിയാഴ്ച ദീപികയേയും നടിമാരെയും ചോദ്യം ചെയ്ത എൻസിബി താരങ്ങളുടെ കയ്യിൽ നിന്നും ഫോണുകളും വാങ്ങിവെച്ചിരുന്നു. “ഞങ്ങൾ അഭിനേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ നടപ്പാക്കും.” ഇതുമായി ബന്ധപ്പെട്ട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചാറ്റുകളെ കുറിച്ച് താരങ്ങൾ നൽകിയ പ്രസ്താവനകൾ പരിശോധിക്കാനാണ് എൻസിബിയുടെ ശ്രമമെന്നും എൻസിബി പ്രതിനിധി വ്യക്തമാക്കി. ഡിലീറ്റഡ് സന്ദേശങ്ങൾ വീണ്ടെടുക്കുന്നതുവഴി കേസുമായി ബന്ധപ്പെട്ട മറ്റ് ചില പേരുകൾ കൂടി കണ്ടെടുക്കാനാവുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഫോറൻസിക് ക്ലോണിംഗ് വഴി ഒരു മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും ഡാറ്റകളും വീണ്ടെടുക്കാം. ഐടി നിയമം 65 (ബി) പ്രകാരം, വീണ്ടെടുത്ത ഈ ഡാറ്റയും കോടതിയിൽ തെളിവായി ഉപയോഗിക്കാം.
കേസുമായി ബന്ധപ്പെട്ട് പുതുതായി ആർക്കും നോട്ടീസ് നൽകിയിട്ടില്ലെന്ന് സൗത്ത് വെസ്റ്റ് റീജിയൺ ഡെപ്യൂട്ടി ഡിജി മുത്ത അശോക് ജെയിൻ വ്യക്തമാക്കി. കേസിൽ ഇതുവരെ, ധർമ്മ പ്രൊഡക്ഷനുമായി മുൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷീതിജ് പ്രസാദ് ഉൾപ്പെടെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“ ഇപ്പോൾ പ്രസാദിനെ ചോദ്യം ചെയ്യുന്നതിലും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രസാദ് വെളിപ്പെടുത്തുമോ എന്നതിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ മയക്കുമരുന്ന് ഡീലർമാരിൽ നിന്ന് പ്രസാദ് മയക്കുമരുന്ന് വാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും മറ്റാർക്കും ഇത് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രതിനിധി പറയുന്നു.
Read more: ബോളിവുഡ് ലഹരിമരുന്ന് കേസ്: അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ; ദീപിക മടങ്ങി