ബോളിവുഡ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞ സെപ്റ്റംബർ 26നായിരുന്നു നടിമാരായ ദീപിക പദുകോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തത്. ദീപിക പദുകോണിനോട് 2017 മുതലുള്ള വാട്സ്ആപ്പ് ചാറ്റുകളിലെ ചില വാക്കുകളെ കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ഉന്നയിച്ചതെന്നും എന്നാൽ ദീപികയുടെ വിശദീകരണത്തിൽ തങ്ങൾ പൂർണ്ണമായും തൃപ്തരല്ലെന്നും എൻസിബി അധികൃതർ പറയുന്നു.
ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ ദീപികയുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റുകൾ വീണ്ടെടുത്ത് അവയുടെ ഉള്ളടക്കം പരിശോധിക്കുമെന്നും എൻസിബി അധികൃതർ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനു ശേഷം ദീപികയുടെയും സാറയുടെയും ശ്രദ്ധയുടെയും മൊബൈൽ ഫോണുകൾ തുടർ അന്വേഷണത്തിനായി എൻസിബി വാങ്ങിവെച്ചിരുന്നു.
ഈ കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊബൈൽ ഫോണിൽ നിന്നും എൻസിബി സമാനമായ രീതിയിൽ ഡാറ്റ വീണ്ടെടുത്തിരുന്നു. നടിമാരുടെ ചാറ്റുകൾ പരിശോധിച്ചാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് എൻസിബിയുടെ കണക്കുക്കൂട്ടൽ. “ഞങ്ങൾ അഭിനേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ നടപ്പാക്കും.” ഇതുമായി ബന്ധപ്പെട്ട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചാറ്റുകളെ കുറിച്ച് താരങ്ങൾ നൽകിയ പ്രസ്താവനകൾ പരിശോധിക്കാനാണ് എൻസിബിയുടെ ശ്രമമെന്നും എൻസിബി പ്രതിനിധി വ്യക്തമാക്കി. ഡിലീറ്റഡ് സന്ദേശങ്ങൾ വീണ്ടെടുക്കുന്നതുവഴി കേസുമായി ബന്ധപ്പെട്ട മറ്റ് ചില പേരുകൾ കൂടി കണ്ടെടുക്കാനാവുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Read more: ബോളിവുഡ് മയക്കുമരുന്ന് കേസ്: നടിമാരുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റുകൾ വീണ്ടെടുക്കാൻ എൻസിബി
അതേസമയം, സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇപ്പോൾ എൻസിബിയുടെ മയക്കുമരുന്നു കേസിന്റെ നിഴലിൽ ആയിപ്പോവുന്നുവെന്ന് സുശാന്ത് രജ്പുത്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും ശ്രദ്ധ മയക്കുമരുന്ന് കേസിലേക്ക് തിരിഞ്ഞതോടെ സുശാന്തിന്റെ ആത്മഹത്യ കേസിന്റെ ദിശ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നിലല്ലെന്നാണ് വികാസ് സിംഗ് പറയുന്നത്. എന്നാൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും വിശദമായി പരിശോധിച്ചുകൊണ്ട്
തങ്ങൾ അന്വേഷണം തുടരുകയാണെന്ന് സിബിഐ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിനെ പ്രതിചേർക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന ക്ഷിജിത് പ്രസാദിന്റെ ആരോപണം നിഷേധിച്ചും എൻസിബി വിശദമായ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
“ആ വാർത്തകൾ വാസ്തവവിരുദ്ധമാണ്. എൻഡിപിഎസ് നിയമപ്രകാരം കുറ്റങ്ങളിൽ ക്ഷിജിത്തിന്റെ പങ്കാളിത്തം വെളിപ്പെട്ടപ്പോൾ, കൃത്യമായ നിയമനടപടികൾ പിന്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നടപടിക്രമമനുസരിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകനെയും കുടുംബത്തെയും (അമ്മ) അറിയിച്ചു. മുംബൈ സോണൽ യൂണിറ്റ് ഓഫീസിൽ ഭാര്യയേയും ഭാര്യാപിതാവിനെയും കാണാൻ അദ്ദേഹത്തെ അനുവദിച്ചു.,” പ്രസ്താവനയിൽ എൻസിബി പറഞ്ഞി. അന്വേഷണവുമായി പ്രസാദ് സഹകരിക്കുന്നില്ലെന്നും എൻസിബി ആരോപിച്ചു.