ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളുമെല്ലാം അറിയാൻ ദുൽഖർ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്.
മറിയത്തിന്റെ അഞ്ചാം പിറന്നാളാണ് ഇന്ന്. മറിയത്തിന് ആശംസകൾ നേർന്ന് നടി നസ്രിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ദുൽഖറിന്റെയും ഭാര്യ അമൽ സൂഫിയയുടെയും അടുത്ത സുഹൃത്തുകൂടിയാണ് നസ്രിയ.
“ഹാപ്പി ഹാപ്പി ബർത്ത്ഡേ മൈ മുമ്മൂ. നീ ഇതുപോലെ കുഞ്ഞല്ല ഇപ്പോൾ, നച്ചു മാമിയുടെ മടിയിൽ ഇതുപോലെ ഇരിക്കാനും ആവില്ല,” എന്ന വാക്കുകളോടെയാണ് നസ്രിയ മറിയത്തിനുള്ള ആശംസകൾ കുറിക്കുന്നത്. “ഞാൻ നിന്റെ കൂൾ മാമിയാണ്, നിന്റെ പാരന്റ്സുമായി പ്രശ്നമുണ്ടാവുമ്പോൾ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ,” എന്നും നസ്രിയ കുറിക്കുന്നു.
2011 ഡിസംബർ 21 നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.