നാലു വർഷത്തിനുശേഷമുളള നസ്രിയയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകർ. അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ നസ്രിയയുടെ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിനെ ഇരുകൈയ്യും നീട്ടിയാണ് നസ്രിയയുടെ ആരാധകർ സ്വീകരിച്ചത്.
രണ്ടാം വരവിൽ തനിക്ക് വൻ വരവേൽപ് നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നസ്രിയ. വീഡിയോയിലൂടെയാണ് നസ്രിയ ആരാധകരോടുളള തന്റെ സന്തോഷം പങ്കുവച്ചത്.
താൻ വളരെയധികം സന്തോഷത്തിലാണെന്നും അതുപോലുളള സ്വീകരമാണ് തനിക്ക് ആരാധകർ നൽകിയതെന്നും നസ്രിയ വീഡിയോയിൽ പറയുന്നു. ഈ പാട്ട് കാണുമ്പോള്‍, അതിനോടുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോൾ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു ചിത്രം ചെയ്തിട്ട് അല്ലെങ്കില്‍ നാലു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ചിത്രം ചെയ്യുന്നത് എന്ന് തോന്നുന്നേയില്ലെന്നും നസ്രിയ പറഞ്ഞു. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്. ഒരുപാട് സന്തോഷമുണ്ടെന്നും ‘കൂടെ’ ഈ യാത്രയില്‍ നിങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നസ്രിയ പറഞ്ഞു.
വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം നസ്രിയ സിനിമയിലേക്ക് മടങ്ങിവരികയാണ് കൂടെയിലൂടെ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് വൈറലായിരുന്നു. ”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന് മാത്യു, സിദ്ധാര്‍ത്ഥ് മേനോന്, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.