മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ കാണാനും അവരെക്കുറിച്ചുള്ള വാർത്തകളറിയാനുമെല്ലാം സിനിമാ പ്രേമികൾക്ക് വലിയ താത്പര്യമാണ്. ഇടയ്ക്കിടെ നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ന് ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ആദ്യ ഫോട്ടോ’ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഇതുകൂടാതെ തന്റെ അനിയൻ നവീനും സുഹൃത്തായ സൗബിൻ ഷാഹിറിനും ഒപ്പമുള്ള ഒരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ ഫഹദിനൊപ്പം നടത്തിയ പ്രാഗ് യാത്രയുടെ ചിത്രങ്ങളും നസ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. “എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം നസ്രിയ പങ്കുവച്ചത്. ഫോട്ടോ എടുത്തത് ഫഹദ് തന്നെ.
അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും പുതിയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ നിറഞ്ഞിരുന്നു. നസ്രിയയെ ഫഹദ് ചുംബിക്കുന്നതും ഇരുവരും ചേര്ന്ന് നില്ക്കുന്നതും കാറിൽ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.
Read More: എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ; പ്രാഗിൽനിന്ന് നസ്രിയ
നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ചിത്രത്തിലെ നസ്രിയയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് മോഡേൺ ലുക്കിലായിരുന്നു നസ്രിയ.