‘എന്റെ കുറുമ്പന് ഇന്ന് അഞ്ചു വയസാവുകയാണ്. എന്റെ മനസ്സ് നിറയെ അവനാണ്. ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍… നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹികുന്നത് ഓറിയോ… നിന്റെ അമ്മയെപ്പോലെ നീയും ഇപ്പോഴും സന്തോഷവാനാണ്. ഈ ലോകത്ത് നീ സന്തോഷമായിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും… നിന്റെയോ എന്റെയോ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും… അത് കഴിഞ്ഞും.’
തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ നടിയും നിര്‍മ്മാതാവുമായ നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇവ. നസ്രിയയുടെ കുടുംബത്തിലെ അംഗങ്ങളില്‍ പ്രധാനിയായ ഓറിയോയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇതിനു മുന്‍പും താരം പങ്കു വച്ചിട്ടുണ്ട്.
Read Here: ഒന്നായിട്ട് 5 വർഷം, വിശ്വസിക്കാനാവുന്നില്ല: നസ്രിയ
ഏറ്റവും ഒടുവിലായി നസ്രിയ നായികയായി അഭിനയിച്ച ചിത്രം ‘ട്രാന്‍സ്’ ആയിരുന്നു. ചിത്രത്തിൽ നായകനായെത്തിയത് നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ ആയിരുന്നു. സാധാരണയായി നസ്രിയ കാണുന്ന ക്യൂട്ട്, കുറുമ്പി, തൊട്ടടുത്ത വീട്ടിലെ പെൺകുട്ടി വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മദ്യപിക്കുന്ന, പുകവലിക്കുന്ന, കഞ്ചാവ് ഉപയോഗിക്കുന്ന നായികയായാണ് നസ്രിയ ‘ട്രാന്‍സി’ല്‍ എത്തിയത്. അതേ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞതിങ്ങനെ.
“ഞാൻ മുമ്പ് അത്തരമൊരു കഥാപാത്രം ചെയ്തിട്ടില്ല. അതിനാൽ, ഞാൻ അഭിനയിച്ചാൽ ഈ വേഷം എങ്ങനെ ആകുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. അതു കൊണ്ടു കൂടിയാണ് അൻബുക്ക (അൻവർ റഷീദ്) ഈ കഥാപാത്രമാകാൻ എന്നെ തിരഞ്ഞെടുത്തതെന്ന് കരുതുന്നു. അൻബുക്ക റിസ്ക് എടുത്തു. അത് അദ്ദേഹത്തിന് ഒട്ടും എളുപ്പമല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഇതു പോലുള്ള ഒരു കഥാപാത്രം ചെയ്യാൻ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണ്. ഞാൻ അത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമില്ലായിരുന്നു,” നസ്രിയ പറയുന്നു.
കഥാപാത്രമാകുന്നതിനെക്കാൾ, കഥാപാത്രത്തിന്റെ ശീലങ്ങൾ പഠിച്ചെടുക്കാനായിരുന്നു തനിക്ക് ബുദ്ധിമുട്ടായതെന്ന് നസ്രിയ.
“കഥാപാത്രത്തേക്കാൾ, അവളുടെ ശീലങ്ങളാണ് എനിക്ക് കൂടുതൽ ആശങ്കയുണ്ടാക്കിയത്. അത് പുകവലിയോ മദ്യപാനമോ ആകട്ടെ, ഞങ്ങൾ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അവ ശരിയാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ചെയിൻ-സ്മോക്കറും മദ്യപാനിയും ആകുമ്പോൾ ഇവയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു അഭിനേതാവിനെ പോലെ ആകാൻ ഞാൻ ആഗ്രഹിച്ചില്ല,” നസ്രിയ കൂട്ടിച്ചേര്‍ത്തു.