തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ഗപ്പിക്കു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍. അമ്പിളി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് സൗബിന്‍ ഷാഹിറാണ്.

സൗബിനെ കൂടാതെ മറ്റു രണ്ടു പുതുമുഖ താരങ്ങള്‍ കൂടിയുണ്ട് ചിത്രത്തില്‍. നടി നസ്രിയ നസീമിന്റെ അനിയന്‍ നവീന്‍ നസീമും, തന്‍വി റാമുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിയന്റെ സിനിമാ അരങ്ങേറ്റത്തിന്റെ സന്തോഷം നസ്രിയ ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചു. “എന്റെ കുഞ്ഞനിയന്‍ ഇപ്പോള്‍ വളര്‍ന്ന് വലിയ കുട്ടിയായി. സൗബിന്‍ ഷാഹിറിനൊപ്പം നവീന്‍ നസീമിനെ അവതരിപ്പിക്കുന്നു. കാത്തിരിക്കാന്‍ വയ്യ” എന്നാണ് ചിത്രത്തോടൊപ്പം നസ്രിയ എഴുതിയത്.

ദുല്‍ഖര്‍ സല്‍മാനാണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്:

“ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത്
കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്.
പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ. സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം എന്ന നായകനെയും തന്‍വി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം പരിചയപ്പെടുത്തുന്നുണ്ട്.
ഉപാധികളില്ലാത്ത സ്നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook