വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർക്ക് നസ്രിയ എന്ന നടിയോടുള്ള സ്നേഹത്തിന് മാറ്റമുണ്ടാവില്ല. ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നസ്രിയ ചുരുങ്ങിയ സമയം കൊണ്ടാണ് ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിൽനിന്നും ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ‘കൂടെ’ സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി.
ഇൻസ്റ്റഗ്രാമിൽ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും പ്രിയപ്പെട്ടവർക്കൊപ്പമുള്ള സ്നേഹ നിമിഷങ്ങളും നസ്രിയ ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ വീട്ടിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
”കെട്ടിപ്പിടിക്കില്ലെന്ന് അമ്മ പറയും. പക്ഷെ വിഷമകരമായ ഒരു ദിവസം അല്ലെങ്കിൽ ദുഃഖകരമായ ഒരു വാർത്ത അറിഞ്ഞ ശേഷമോ ഞാൻ അമ്മയുടെ ചുറ്റും കൈ ചേർത്തുപിടിച്ചാൽ ഏറ്റവും ഒടുവിൽ ആ പിടുത്തം വിടുന്നത് അമ്മയാവും. പിറന്നാളിന് സമ്മാനം വേണ്ടെന്ന് അച്ഛൻ പറയും. എന്നാൽ ഒരു പെട്ടി നിറയെ ചോക്ലേറ്റും ഒരു കാർഡും അതിൽ നല്ലൊരു സന്ദേശവും എഴുതി കൈമാറിയാൽ അച്ഛന്റെ മുഖം തിളങ്ങുന്നത് എനിക്ക് കാണാം. അച്ഛൻ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും ഒരു കുട്ടിയാണ്. അത് അദ്ദേഹത്തിനറിയാം എന്നോട് ഒരിക്കലും അനിയൻ ഐ ലവ് യൂ പറയാറില്ല. എന്നാൽ വീട് വൃത്തിയാക്കും മുൻപ് പാചകം ചെയ്തു തീർക്കാനുണ്ടെന്ന് ഞാൻ പറഞ്ഞാൽ, എനിക്ക് മുൻപേ അവൻ വീട് മുഴുവൻ വൃത്തിയാക്കിയിരിക്കും. ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാൻ പാടുപെടുന്നെങ്കിൽ ഇങ്ങോട്ടു താ എന്നവൻ പറയും. ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അത് തുറന്നിരിക്കും,” നസ്രിയ കുറിച്ചു.
2005ൽ കൈരളി ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായാണ് നസ്രിയ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറിയ നസ്രിയ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയും മറ്റുമാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്.