scorecardresearch

ചിരഞ്ജീവിയ്ക്കും മേഘ്നയ്ക്കും ഒപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് നസ്രിയ

ഏറെ നാളുകൾക്ക് ശേഷം, ഭായ് എന്ന് താൻ വിളിച്ചിരുന്ന ചിരഞ്ജീവിയ്ക്കും മേഘ്നയ്ക്കും ഒപ്പമുള്ള ഓർമകളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്

ചിരഞ്ജീവിയ്ക്കും മേഘ്നയ്ക്കും ഒപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് നസ്രിയ

പ്രമുഖ കന്നട താരവും മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ വിട പറഞ്ഞിട്ട് ഒരു മാസത്തിലേറെയായി. ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമൊന്നും മുക്തരായിട്ടില്ല. മലയാള സിനിമാ താരം നസ്രിയയുമായി അടുത്ത സൌഹൃദം പങ്കുവച്ചിരുന്നവരായിരുന്നു ചിരഞ്ജീവിയും മേഘ്നയും. ചിരഞ്ജീവി മരിച്ച സമയത്ത് ഞെട്ടലോടെയാണ് നസ്രിയ ആ വാർത്ത പങ്കുവച്ചത്.

ഏറെ നാളുകൾക്ക് ശേഷം, ഭായ് എന്ന് താൻ വിളിച്ചിരുന്ന ചിരഞ്ജീവിയ്ക്കും മേഘ്നയ്ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Nazriya, Meghana Raj, Chiranjeevi Sarja, iemalayalam

View this post on Instagram

Will miss u bhai! In shock

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. ആരാധാകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം. അടുത്തിടെ നടന്ന പ്രാർഥന യോഗത്തിൽ നിന്നുള്ള ചിത്രങ്ങൾ മേഘ്ന പങ്കുവച്ചിരുന്നു.

“പ്രിയപ്പെട്ട ചിരു…. നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്,” എന്ന വാക്കുകളോടെയാണ് മേഘ്ന ആ ചിത്രങ്ങൾ പങ്കുവച്ചത്.

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് മേഘ്ന ഇപ്പോൾ. മേഘ്ന മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരുടേയും കണ്ണുനിറയ്ക്കുന്നതായിരുന്നു.

“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.”

Read More: നിന്റെയീ ചിരി കാണുമ്പോള്‍ മനസ്സു നിറയുന്നൂ, മേഘ്നാ

“ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.”

Read More: ഞങ്ങൾ സന്തോഷത്തോടെയിരിക്കാനാണ് നീയാഗ്രഹിക്കുന്നതെന്നറിയാം; ചിരുവിന്റെ ഓർമകളിൽ മേഘ്നയും കുടുംബവും

“നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazim shares photo of meghana raja and chiranjeevi sarja