ക്യൂട്ട്, കുറുമ്പി, തൊട്ടടുത്ത വീട്ടിലെ പെൺകുട്ടി എന്നൊക്കെയായിരുന്നു ഇത്രയും കാലം നസ്രിയ നസീമിന് മലയാളികളുടെ മനസിലുണ്ടായിരുന്ന സങ്കൽപ്പം. എന്നാൽ അൻവർ റഷീദിന്റെ ‘ട്രാൻസ്’ എന്ന ചിത്രത്തിലൂടെ ഇതെല്ലാം പൊളിച്ച് കൈയിൽ തന്നിരിക്കുകയാണ് നസ്രിയ. മദ്യപിക്കുന്ന, പുകവലിക്കുന്ന, കഞ്ചാവ് ഉപയോഗിക്കുന്ന ഒരാളായി സ്ക്രീനിൽ എത്താൻ തനിക്ക് സാധിക്കും എന്ന് നസ്രിയ തെളിയിച്ചു.
ഈ ഘടകങ്ങളെല്ലാം തന്നെയാണ് ചിത്രം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നസ്രിയ പറയുന്നു. തന്നെ ഇത്തരത്തിലൊരാളാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ അൻവർ റഷീദിനാണെന്ന് നസ്രിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read More: പേരിനൊപ്പമുള്ള വാലും പിന്നെ ഈ മുഖവും പലരിൽ നിന്നും എനിക്ക് രക്ഷയായി: ശ്രുതി ഹാസൻ
“നിങ്ങൾ സ്ക്രീനിൽ കാണുന്നതെല്ലാം ഈ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. ഞാൻ മുമ്പ് അത്തരമൊരു കഥാപാത്രം ചെയ്തിട്ടില്ല. അതിനാൽ, ഞാൻ അഭിനയിച്ചാൽ ഈ വേഷം എങ്ങനെ ആകുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് അൻബുക്ക(അൻവർ റഷീദ്) ഈ കഥാപാത്രമാകാൻ എന്നെ തിരഞ്ഞെടുത്തതെന്ന് കരുതുന്നു. അൻബുക്ക റിസ്ക് എടുത്തു. അത് അദ്ദേഹത്തിന് ഒട്ടും എളുപ്പമല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഇതുപോലുള്ള ഒരു കഥാപാത്രം ചെയ്യാൻ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണ്. ഞാൻ അത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമില്ലായിരുന്നു,” നസ്രിയ പറയുന്നു.
കഥാപാത്രമാകുന്നതിനെക്കാൾ, കഥാപാത്രത്തിന്റെ ശീലങ്ങൾ പഠിച്ചെടുക്കാനായിരുന്നു തനിക്ക് ബുദ്ധിമുട്ടായതെന്ന് നസ്രിയ.
“കഥാപാത്രത്തേക്കാൾ, അവളുടെ ശീലങ്ങളാണ് എനിക്ക് കൂടുതൽ ആശങ്കയുണ്ടാക്കിയത്. അത് പുകവലിയോ മദ്യപാനമോ ആകട്ടെ, ഞങ്ങൾ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അവ ശരിയാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ചെയിൻ-സ്മോക്കറും മദ്യപാനിയും ആകുമ്പോൾ ഇവയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു അഭിനേതാവിനെ പോലെ ആകാൻ ഞാൻ ആഗ്രഹിച്ചില്ല,” നസ്രിയ പറയുന്നു.
നസ്രിയ നായികയായ ചിത്രത്തിൽ നായകനായെത്തിയത് ഫഹദ് ആയിരുന്നു. വീട്ടിലെത്തിയാലും ഫഹദ് കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അധ്വാനവും അവസാനിപ്പിച്ചിരുന്നില്ലെന്ന് നസ്രിയ പറയുന്നു.
“സിനിമ തീരുന്നതുവരെ അദ്ദേഹം പൂർണമായും ആ കഥാപാത്രത്തിനൊപ്പമായിരുന്നു. വീട്ടിൽ വന്നതിനുശേഷവും എല്ലാ ദിവസവും അദ്ദേഹം തന്റെ കഥാപാത്രത്തിനായി അധ്വാനിക്കുന്നു. ട്രാൻസിൽ ബൈബിൾ വാക്യങ്ങൾ ഉൾപ്പെടെ ധാരാളം ഡയലോഗുകൾ ഉണ്ടായിരുന്നു. അതിൽ മുഴുവൻ സമയവും അതിന് നൽകി.”
താൻ സിനിമയിൽ നിന്നും വിട്ടു നിന്നത് തന്റെ മടികൊണ്ടായിരുന്നുവെന്നും പക്ഷെ സ്ക്രിപ്റ്റുകൾ കേൾക്കുകയെങ്കിലും ചെയ്യണമെന്ന് ഫഹദ് തന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും അഭിമുഖത്തിൽ നസ്രിയ പറയുന്നു.