ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നസ്രിയ നസീം ആലപിച്ച ‘പുതിയൊരു പാതയില്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വരത്തന്‍’. ചിത്രം നിര്‍മ്മിക്കുന്നത് നസ്രിയയാണ്.

ചിത്രത്തില്‍ നസ്രിയ പാടുന്നു എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ളൊരു ചിത്രം നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാനവേഷങ്ങളില്‍ എത്തിയ ‘സലാല മൊബൈല്‍സ്’ എന്ന ചിത്രത്തിനു വേണ്ടിയും നസ്രിയ പാടിയിരുന്നു. ‘ലാലാലസ’ എന്നു തുടങ്ങുന്ന ഗാനമാണ് നസ്രിയ ആലപിച്ചത്. ഗോപീ സുന്ദറായിരുന്നു ‘സലാല മൊബൈല്‍സി’ന്റെ സംഗീതം.

വരത്തന്റെ ടീസറും പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. വരത്തന്‍ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ മ്യൂസിക്കും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. ലിറ്റില്‍ സ്വയംപിന്റേതാണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.

ഇയ്യോബിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം സമ്മാനിച്ച ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വരത്തനായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ