‘കൂടെ’യ്ക്ക് ശേഷം ഫഹദ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് നസ്രിയ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ട്രാൻസി’ലാണ് നസ്രിയ അഭിനയിക്കുന്നതെന്നാണ് ഏറ്റവും പുതിയ വാർത്ത. താരദമ്പതികളോട് അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിക്കുന്നുണ്ട്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു റോളിലാവും നസ്രിയ എത്തുക. ചിത്രം മാർച്ച് 2019 ഓടെ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. ‘ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതു സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്‌പെന്‍സാണ്,’ എന്ന് മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലും നസ്രിയ പറഞ്ഞിരുന്നു. വിവാഹശേഷം സിനിമ ഉപേക്ഷിക്കുന്ന സ്ഥിരം നായികമാരിൽ നിന്നും വ്യത്യസ്തയായി ക്യാമറയ്ക്കു മുന്നിലും ഗായികയായും പ്രൊഡ്യൂസറുടെ വേഷത്തിലുമൊക്കെ സിനിമയിൽ സജീവസാന്നിധ്യമാണ് നസ്രിയ.
പ്രകാശം പരത്തുന്ന പ്രൊഡ്യൂസര്‍: നസ്രിയയെക്കുറിച്ച് ടീം ‘വരത്തന്‍’
ഫഹദും നസ്രിയയും വീണ്ടും ഒരുമിച്ചു അഭിനയിക്കുന്നു എന്ന വാർത്തയെ ആഹ്ളാദത്തോടെയാണ് നസ്രിയ ഫാൻസ് വരവേൽക്കുന്നത്. ഫഹദ് ഫാസിൽ- നസ്രിയ ജോഡികൾ അവസാനമായി ഒന്നിച്ചഭിനയിച്ച പടം അഞ്ജലി മേനോന്റെ ‘ബാംഗ്ലൂർ ഡേയ്‌സ്’ ആയിരുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയതും അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘കൂടെ’യിലെ അഭിനയത്തിന് ഏറെ പ്രേക്ഷകപ്രശംസയും നസ്രിയ നേടിയിരുന്നു.
നസ്രിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വീട്ടിലിരിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ
വിവാഹശേഷം ‘കൂടെ’യിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സിനിമാ നിർമാണരംഗത്ത് സജീവമാണ് നസ്രിയ. ഫഹദ് ഫാസിൽ- അമൽനീരദ് കൂട്ടുകെട്ടിൽ പിറന്ന ‘വരത്തൻ’ എന്ന ചിത്രത്തിന്റെ സഹനിർമാതാക്കളിൽ ഒരാളായിരുന്നു നസ്രിയ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിന്റെ സഹനിർമാതാവും നസ്രിയ തന്നെ.
ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ് ക്ലാസ് ഹീറോ’യുമായി ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിലാണ് നസ്രിയ ‘കുമ്പളങ്ങി നൈറ്റ്സ്’ നിർമിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.